മണ്ഡല-മകരവിളക്ക് തീർത്ഥാടനം;ശബരിമലയിൽ ഭക്തജന തിരക്ക് , സുരക്ഷയൊരുക്കി പോലീസ്
പത്തനംതിട്ട : മണ്ഡല – മകരമാസ പൂജകള്‍ക്ക് തുറന്ന ശബരിമലയില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ ഒരുക്കിയിരുന്ന നിയന്ത്രണങ്ങളും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടില്ല.
യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് കൂടി വന്നത്തോടെ സംഘർഷഭരിതമായ തീർത്ഥാടന കാലം ഉണ്ടാവില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചു. മൂന്നു സ്ഥലങ്ങളിലും എസ്.പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കൂടാതെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്സും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കും. മൊത്തം 2800 പോലീസിനെയാണ് നിലവില്‍ നിയോഗിച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവലോകനവും ഇന്ന് സന്നിധാനത്ത് ചേരും.
രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. ശനിയാഴ്ച വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിച്ചത്.
No comments
Post a Comment