പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ: ലിഫ്‌റ്റും എസ്കലേറ്ററും പ്രഖ്യാപനത്തിൽ ഒതുങ്ങി
പയ്യന്നൂർ:
എ ഗ്രേഡ് സ്റ്റേഷനായി ഉയർത്തിയ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ലിഫ്റ്റും എസ്കലേറ്ററും പ്രഖ്യാപനത്തിൽ ഒതുങ്ങി. കണ്ണൂർ-കാസർകോട് ജില്ലകളിലെ പ്രധാന സ്റ്റേഷനുകളിൽ ലിഫ്റ്റ് നിർമിക്കാൻ ഭരണാനുമതി ലഭിച്ചപ്പോൾ പയ്യന്നൂരിന് വീണ്ടും അവഗണന.
രണ്ടരവർഷം മുൻപ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സതേൺ റെയിൽവേ ജനറൽ മാനേജർ പയ്യന്നൂരിന് പ്രതീക്ഷ നൽകിക്കൊണ്ടാണ് ലിഫ്റ്റും എസ്കലേറ്ററും പ്രഖ്യാപനം നടത്തിയിരുന്നത്. മംഗളൂരു, കോഴിക്കോട് ഭാഗങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും ഈ മേഖലയിലെ സാധാരണജനങ്ങൾ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം വികസന പദ്ധതികളിൽ പയ്യന്നൂരിനെ അവഗണിക്കുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണജനങ്ങളാണ്. ഇപ്പോൾ മംഗളൂരുവിൽനിന്നും മറ്റും വരുന്ന രോഗികൾ ഫൂട്ട് ഓവർബ്രിഡ്ജ് കയറി ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് വരേണ്ട അവസ്ഥയാണ്. സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും ഇതേരീതിയിൽ ദുരിതം അനുഭവിക്കുകയാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പ് എന്നിവയുടെ ഏറ്റവും അടുത്തുകിടക്കുന്ന റെയിൽവേ സ്റ്റേഷനാണ് പയ്യന്നൂർ. എന്നാൽ സ്റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതർ കാട്ടുന്ന അനാസ്ഥ പ്രതിഷേധത്തിന് കാരണമാകുകയാണ്.
No comments
Post a Comment