ആർത്തവ വേദന, അല്പം കരുതല്‍...
"ആർത്തവ സമയത്തെ വേദന സഹിക്കുന്നത് പ്രസവവേദന സഹിക്കാൻ സ്വയം നിങ്ങളെ പ്രാപ്തരാക്കുമത്രേ..." ഇങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടില്ലേ? കാര്യം എന്തായാലും എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ഈ വേദന സഹിക്കാൻ ഇത്തിരി പ്രയാസം തന്നെയാണ്.
ആർത്തവസമയത്ത് അടിവയറ്റിൽ ഒരല്പം പോലും വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവിക്കാത്തവർ നമുക്കിടയിൽ ഉണ്ടോ എന്ന് സംശയമാണ്.
നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്. ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും.
വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക.
ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.
വേദന കുറയ്ക്കാനുള്ള ചില ഗുളികകൾ സ്ഥിരമായി കഴിക്കുമ്പോൾ കരളിന്റെയും വൃക്കയുടേയും പ്രവർത്തനങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്.
കൂടാതെ, ഇത്തരം വേദന സംഹാരികൾ കഴിക്കുമ്പോൾ അള്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗാവസ്ഥകൾക്കും സാധ്യതയുണ്ട്.
അതുകൊണ്ട് ആർത്തവ വേദനയ്ക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ചെയ്യുക.
ആർത്തവ വേദനയ്ക്ക് കാരണം
ഗർഭപാത്രത്തിലെ പേശികൾ ചുരുങ്ങുമ്പോഴാണ് ആർത്തവ വേദനയുണ്ടാകുന്നത്. ആർത്തവ രക്തം പുറത്തള്ളാനായി ഗർഭപാത്രം സങ്കോചിക്കുന്നതാണ് ആർത്തവ വേദനയ്ക്ക് പ്രധാന കാരണം.
മാത്രമല്ല രക്തത്തോടൊപ്പം ഗർഭപാത്രത്തിലെ ആവരണം കൂടി പുറത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളും ആർത്തവ വേദനയ്ക്ക് കാരണമാകുന്നു.
ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.
ആർത്തവ വേദന തടയാൻ മരുന്ന് കഴിക്കുന്നവർ മനസ്സിലാക്കേണ്ട പ്രധാന കാര്യം ആർത്തവ വേദന ഒരു രോഗമല്ല എന്നതാണ്.
ഏല്ലാ മാസവും മുടങ്ങാതെ ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥയായി മാത്രം ഇതിനെ കണ്ടാൽ മതി. ആർത്തവ ദിനങ്ങളിൽ ഉണ്ടാകുന്ന അമിത വേദനയ്ക്ക് മരുന്ന് കഴിക്കാതെ തന്നെ പരിഹാരങ്ങളുണ്ട്.
No comments
Post a Comment