അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലം സിപിഐ സംഘം ഇന്ന് സന്ദർശിക്കും
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലം സിപിഐ സംഘം ഇന്ന് സന്ദർശിക്കും. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് ഇവിടം സന്ദർശിക്കുക.
മേലെ മഞ്ചിക്കണ്ടി ഊരിലെത്തുന്ന സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച്ച നടത്തും. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് പറയപ്പെടുന്ന വനത്തിനകത്തെ പ്രദേശമാണ് സിപിഐ സംഘം സന്ദർശിക്കുക.
പ്രതികൂല കാലാവസ്ഥയും ആക്രമണ സാധ്യതയും മുന്നിൽ കണ്ട്, തണ്ടർബോൾട്ട് പ്രദേശത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് നിലനിൽക്കെ തന്നെയാണ് സിപിഐ നേതാക്കളുടെ സംഘം സ്ഥലം സന്ദർശിക്കുന്നത്.
അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് പിന്നാലെയാണ് സിപിഐ സംഘം ഇവിടം സന്ദർശിക്കുന്നത്. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
www.ezhomelive.com
No comments
Post a Comment