Header Ads

  • Breaking News

    ബിരുദക്കാര്‍ക്ക് സേനയില്‍ ഓഫീസറാകാന്‍ അവസരം; സിഡിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം..



    ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിൽ ഓഫീസറാവാൻ ബിരുദധാരികൾക്ക് അവസരം. യു.പി.എസ്.സിയുടെ കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സി.ഡി.എസ്-I) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉയർന്ന ശമ്പളം, മികച്ച പദവികളിലേക്കുള്ള പ്രമോഷൻ സാധ്യത, വിരമിച്ചാൽ ഉയർന്ന പെൻഷൻ തുടങ്ങി ആകർഷണീയമായ നേട്ടങ്ങളാണ് സി.ഡി.എസ്. പരീക്ഷാവിജയികളെ കാത്തിരിക്കുന്നത്.


    ഒഴിവുകൾ

    418 ഒഴിവുകളാണ് ഇത്തവണയുള്ളത്. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമി (100 ഒഴിവുകൾ), ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി (45), ഹൈദരാബാദിലെ ഇന്ത്യൻ എയർഫോഴ്സ് അക്കാദമി (32), ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (225) എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കാണ് വിജയികൾക്ക് പ്രവേശനം ലഭിക്കുക. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ നോൺടെക്നിക്കൽ കോഴ്സിലെ 16 ഒഴിവുകളിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.

    ബിരുദം പൂർത്തിയാക്കിയവർക്കും അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ നിർദിഷ്ടസമയത്തിനകം യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നു മാത്രം.


    പ്രായപരിധി

    ഇന്ത്യൻ മിലിറ്ററി അക്കാദമി (അവിവാഹിതരായ പുരുഷന്മാർ): 1997 ജനുവരി 2-നും 2002 ജനുവരി 1-നും ഇടയിൽ ജനിച്ചവർ.
    ഇന്ത്യൻ നേവൽ അക്കാദമി (അവിവാഹിതരായ പുരുഷന്മാർ): 1997 ജനുവരി 2-നും 2002 ജനുവരി 1-നും ഇടയിൽ ജനിച്ചവർ.
    എയർഫോഴ്സ് അക്കാദമി (അവിവാഹിതരായ പുരുഷന്മാർ): 1997 ജനുവരി 2-നും 2001 ജനുവരി 1-നും ഇടയിൽ ജനിച്ചവർ.
    ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (അവിവാഹിതരായ പുരുഷന്മാർ): 1996 ജനുവരി 2-നും 2002 ജനുവരി 1-നും ഇടയിൽ ജനിച്ചവർ.
    ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ നോൺ ടെക്നിക്കൽ കോഴ്സിലേക്ക് അവിവാഹിതരായ വനിതകൾക്കും പുനർവിവാഹം ചെയ്യാത്ത, കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും (വിവാഹമോചനരേഖകളുള്ള, കുട്ടികളില്ലാത്തവർ) അപേക്ഷിക്കാവുന്നതാണ്. ഇവർ 1996 ജനുവരി 2-നും 2002 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.
    തിരഞ്ഞെടുപ്പ്

    എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലെ വിജയികളെയാണ് നിയമനത്തിന് തിരഞ്ഞെടുക്കുക. 2020 ഫെബ്രുവരി രണ്ടിനാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.


    സിലബസ്

    ഇംഗ്ലീഷ്, ജനറൽ നോളജ്, അടിസ്ഥാനഗണിതം എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ. ഓരോന്നിൽനിന്നും 100 മാർക്കുവീതമുള്ള ചോദ്യങ്ങളുണ്ടാവും. ഓരോ പാർട്ടിനും 2 മണിക്കൂർ എന്നരീതിയിൽ മൊത്തം 6 മണിക്കൂറായിരിക്കും പരീക്ഷ. നെഗറ്റിവ് മാർക്കിങ് ഉണ്ട്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പരീക്ഷയിൽ ഇംഗ്ലീഷും പൊതുവിജ്ഞാനവും മാത്രമേ ഉണ്ടാവൂ. ഓരോന്നിൽനിന്നും 100 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാവും. മൊത്തം നാല് മണിക്കൂറായിരിക്കും പരീക്ഷ. വിശദമായ സിലബസ് യു.പി.എസ്.സി. വെബ്സൈറ്റിൽ ലഭിക്കും.

    യോഗ്യത

    ഇന്ത്യൻ മിലിറ്ററി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി: ബിരുദം/തത്തുല്യം.
    നേവൽ അക്കാദമി: അംഗീകൃത എൻജിനീയറിങ് ബിരുദം.
    എയർഫോഴ്സ് അക്കാദമി: 10+2 തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
    ശാരീരികയോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞ ഉയരം 157.5 സെ.മീ. (നേവിയിലേക്ക് 157 സെ.മീ., എയർഫോഴ്സിലേക്ക് 162.5 സെ.മീ.). സ്ത്രീകൾക്ക് കുറഞ്ഞ ഉയരം 152 സെ.മീ. പ്രായത്തിന് അനുസരിച്ച് ഉണ്ടായിരിക്കേണ്ട ഭാരം, ഉയരം എന്നിവ വ്യക്തമാക്കുന്ന പട്ടിക www.upsc.gov.inഎന്ന വെബ്സൈറ്റിൽ ലഭിക്കും.

    അപേക്ഷ

    www.upsconline.nic.in-ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയ്ക്ക് പാർട്ട് I, II എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. പ്രാഥമിക വിവരങ്ങൾ പൂരിപ്പിച്ച് പാർട്ട് ഒന്ന് സബ്മിറ്റ് ചെയ്യണം. തുടർന്ന് നിർദേശാനുസൃതമായി ഫീസ് അടച്ചശേഷം പാർട്ട് രണ്ട് പൂരിപ്പിക്കണം. ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും അപേക്ഷയിൽ നിർദിഷ്ടസ്ഥാനത്ത് അപ്ലോഡ് ചെയ്യണം. പാർട്ട് II പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുന്നതോടെ ഓൺലൈൻ അപേക്ഷാസമർപ്പണം പൂർത്തിയാകും. ഒന്നിലധികം അപേക്ഷ സമർപ്പിക്കരുത്.


    ഫീസ്: 200 രൂപ. വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല. ഓൺലൈൻ അപേക്ഷ (പാർട്ട് ഒന്ന്) പൂർത്തിയാക്കിയാൽ ലഭിക്കുന്ന ചെലാൻ ഫോം ഡൗൺലോഡ് ചെയ്തെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖവഴി ഫീസടയ്ക്കാം. എസ്.ബി.ഐ. നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയും ഫീസ് അടയ്ക്കാം.
    അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 19

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad