ബീഫ് ഫ്രൈയില്‍ ഉള്ളിക്ക്പകരം കാബേജ്; ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് തളിപ്പറമ്പിലെ ഹോട്ടലുടമയുടെ മര്‍ദ്ദനം
തളിപ്പറമ്പ്:
ബീഫ് ഫ്രൈയില്‍ ഉള്ളിക്ക് പകരം കാബേജ് കൊടുത്തത് ചോദ്യംചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്തെ പൂതലോട്ട് ഹൗസില്‍ പി.സുദീപന്‍(43)നെയാണ് ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെ തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ മലബാര്‍ ഹോട്ടലുടമ മര്‍ദ്ദിച്ചത്.
നഗരസഭാ ഓഫീസില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനാണ് അദ്ദേഹം മലബാര്‍ ഹോട്ടലില്‍ കയറിയത്. രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയുമാണ് ഓര്‍ഡര്‍ ചെയ്തത്. സാധനം മുന്നില്‍ വന്നപ്പോഴാണ് ബീഫ് ഫ്രൈക്ക് മുകളിലായി പച്ച കാബേജ് വിതറിയത് കണ്ടത്. സുദീപന്‍ ഇത് സപ്‌ളേയറോട് തിരക്കിയപ്പോള്‍ ഉള്ളിക്ക് വിലകയറിയതിനാല്‍ മുതലാളിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉളളിക്ക് പകരം പച്ച കാബേജ് വിതറിയതെന്ന് വ്യക്തമാക്കി.
ഈ സമയം കാബേജ് വിതറിയ ബീഫ്‌ഫ്രൈ സുദീപന്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഹോട്ടലുടമ കൗണ്ടറില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഇത് ചോദ്യം ചെയ്യുകയും തെറി വിളിക്കുകയും ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ച് ഹോട്ടലിന് പിറകിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തുവെന്നാണ് കേസ്.
വലിയ വില കൊടുത്ത് വാങ്ങുന്ന ഉള്ളി നിനക്ക് ഓസിക്ക് തിന്നാന്‍ തരാന്‍ കഴിയില്ല-എന്ന് പറഞ്ഞ് തന്നെ അപമാനിക്കുകയും ചെയ്തതായി സുദീപന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും നഗരസഭയിലും സുദീപന്‍ പരാതി നല്‍കിയിട്ടുണ്ട്.ഉള്ളി വില വര്‍ദ്ധനയുടെ പേരില്‍ പല ഹോട്ടലുടമകളും വ്യാപകമായി പച്ച കാബേജ് ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
No comments
Post a Comment