യുവതിയുടെ പരാതി; നടന്‍ വിനായകൻ തെറ്റ് സമ്മതിച്ചു; കുറ്റപത്രം സമര്‍പ്പിച്ചു
വയനാട്:
സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണില്‍ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും. പരമാവധി ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയത്.
കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് . കോട്ടയം പാമ്പാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് വിനായകനെതിരെ കേസെടുത്തത്. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്‍പ്പറ്റയിലെത്തിയ താന്‍ പഠനോപകരണ വിതരണത്തിനു ക്ഷണിക്കുന്നതിനു ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്ന വിനായകന് തിരിച്ചുവിളിച്ചു മോശമായി സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. കോട്ടയം പോലീസിലാണ് യുവതി പരാതി നല്‍കിയത്. എന്നാൽ, സംഭവം നടക്കുമ്ബോള്‍ യുവതി വയനാടായിരുന്നതിനാല് പരാതി കല്‍പ്പറ്റ പോലീസിനു കൈമാറുകയായിരുന്നു.
ജൂണ്‍ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ജാമ്യത്തില്‍വിട്ടു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.
No comments
Post a Comment