കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതികളുടെ കൈയ്യിൽ വീണ്ടും മൊബൈൽ ഫോണുകൾ
കണ്ണൂർ:ഏതാനും മാസത്തെ ഇടവേളക്കുശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. നാലാം ബ്ലോക്കിലെ കക്കൂസിനകത്ത് ഒളിപ്പിച്ച നിലയിൽ ഒരു സ്മാർട്ട്ഫോണും ഒരു സാധാരണ മൊബൈൽ ഫോണുംആണ് ജയിൽ സൂപ്രണ്ട് ബാബുരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിട്ടിയത്. ഹെൻട്രി ജോസ് എന്ന തടവുകാരനിൽ നിന്ന് രണ്ടു സിം കാർഡ് ജയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ് അങ്കമാലി സ്വദേശി ഹെൻട്രി ജോസ്. ഇയാൾ ഉപയോഗിച്ച മൊബൈൽഫോൺ കണ്ടെത്താനായിട്ടില്ല. വേറെ ആരോ ഒളിപ്പിച്ചു വെച്ചതാണ് പിടിയിലായ ഫോണുകൾ എന്നാണ് കരുതുന്നത്.
ജയിൽ ഡിജിപിയായി ഋഷിരാജ് സിംഗ് ജൂണിൽ ചുമതലയേറ്റതിനെ തുടർന്ന് പോലീസും ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാർ ഉപയോഗിച്ച് ഇരുപത്തി എട്ട് ഫോണുകൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ കണ്ണൂർ ജയിലിൽ നിന്ന് മാത്രം 50 ലേറെ ഫോണുകളും സിംകാർഡുകളും കിട്ടി. വിയ്യൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ കിട്ടിയത് ടിപി ചന്ദ്രശേഖരനെ കൊല ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരിൽ നിന്നാണ്. അവരെ പൂജപ്പുര ജയിലിൽ മറ്റ് തടവുകാരനുമായി ബന്ധപ്പെടാൻ അവസരം ഇല്ലാത്ത വിധത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇവർക്ക് പരോൾ നൽകുന്നതും നിർത്തി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ ജയിലുകളിൽ സമ്പൂർണ അഴിച്ചുപണി നടത്തുകയും അച്ചടക്കം കർശനമാക്കുകയും ചെയ്തിരുന്നു. ജയിൽ കാവലിനും, പുറത്തുപോയവർ തിരിച്ചെത്തുമ്പോൾ പരിശോധിക്കാനും സായുധ പോലീസിനെ നിയോഗിക്കുകയും ചെയ്തു. എന്നിട്ടും ജയിലിനകത്ത് അനധികൃത മൊബൈൽ ഫോണും സിമ്മും എത്തിയത് എങ്ങനെയെന്ന അമ്പരപ്പിലാണ് അധികാരികൾ
No comments
Post a Comment