Header Ads

  • Breaking News

    റേഷന്‌ ഇനി ഇ കാർഡ്‌ ; ആറ്‌ മാസത്തിനുള്ളിൽ നൽകി തുടങ്ങും


    22 പേജുള്ള റേഷൻ കാർഡ്‌  പഴങ്കഥ.  രണ്ട്‌ പുറത്തും വിവരങ്ങളടങ്ങിയ  ഒറ്റ കാർഡായി ഇനി റേഷൻ കാർഡ്‌ ലഭിക്കും. റേഷൻ കാർഡിനായി സപ്ലൈ ഓഫീസുകളിൽ കയറിയിറങ്ങുകയും വേണ്ട. അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ കാർഡ്‌ പ്രിന്റ്‌ ചെയ്‌ത്‌ കൈയിലെത്തും.

    സംസ്ഥാനത്താകെ ആറ്‌ മാസത്തിനുള്ളിൽ  ഇ–-റേഷൻ കാർഡ്‌ സംവിധാനം ആരംഭിക്കാനുള്ള നീക്കത്തിലാണ്‌ സിവിൽ സപ്ലൈസ്‌ വകുപ്പ്‌. ഇതിനുള്ള ശുപാർശ ഒക്ടോബറിൽ  സിവിൽ സപ്ലൈസ്‌ വിഭാഗം സർക്കാരിന്‌ നൽകി. അനുമതി ലഭിക്കുന്നതോടെ ആറ്‌ മാസത്തിനകം ഇ–-കാർഡ്‌ നൽകി തുടങ്ങുമെന്ന്‌ സിവിൽ സപ്ലൈസ്‌ ഡയറക്ടർ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി പറഞ്ഞു. 
    അന്ത്യോദയ, മുൻഗണന, പൊതുവിഭാഗങ്ങളിലായി നാല്‌  നിറങ്ങളിൽ 22 പേജുകളിൽ പുസ്‌തക രൂപത്തിലാണ്‌ ഇപ്പോൾ റേഷൻ കാർഡ്‌. ഇത്‌ ആധാർ മാതൃകയിൽ ഒറ്റ കാർഡായി  മാറ്റും. 



    പുതിയ അപേക്ഷകർക്ക്‌ ഇ–-കാർഡ്‌ നൽകും.  പുസ്‌തക രൂപത്തിലുള്ള കാർഡ്‌ ഉപയോഗിക്കുന്നവർക്ക്‌ വേണമെങ്കിൽ ഇ–-കാർഡാക്കി മാറ്റാനും അവസരമുണ്ട്‌.  സപ്ലൈ ഓഫീസുകളിൽ ക്യൂ നിൽക്കാതെ സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽനിന്ന്‌ കാർഡ്‌  പ്രിന്റ്‌ ചെയ്‌ത്‌ കിട്ടും. കുടുംബാംഗങ്ങളുടെ പേരുൾപ്പെടെയുള്ള അത്യാവശ്യ വിവരങ്ങൾ കാർഡിന്റെ രണ്ട്‌ പുറങ്ങളിലായി രേഖപ്പെടുത്തും. ഭാവിയിൽ ചിപ്പ്‌ ഘടിപ്പിച്ച്‌ സ്‌മാർട്ട്‌ കാർഡായി മാറ്റാനും ആലോചനയുണ്ട്‌.

    നിലവിൽ കൂടുതൽ അപേക്ഷകരുള്ള ചില സപ്ലൈ ഓഫീസുകളിൽ കാർഡ്‌ നൽകുന്നതിന്‌ രണ്ട്‌ മുതൽ 15 ദിവസം വരെ സമയമെടുക്കുന്നുണ്ട്‌.  ഇ–-കാർഡ്‌ ഏർപ്പെടുത്തുന്നതിലൂടെ ഇത്‌ പരിഹരിക്കാനാവുമെന്നാണ്‌ പ്രതീക്ഷ. അക്ഷയകേന്ദ്രം വഴി അപേക്ഷിച്ച്‌  കാർഡിനായി ഇപ്പോൾ താലൂക്ക്‌ സപ്ലൈ ഓഫീസിൽ എത്തണം.  

    എന്നാൽ ആശുപത്രി, വിദ്യാഭ്യാസം, സർക്കാർ ആനുകൂല്യങ്ങൾ എന്നീ ആവശ്യങ്ങൾക്ക്‌ നേരിട്ട്‌ താലൂക്ക്‌ സപ്ലൈ ഓഫീസുകളിൽ അടിയന്തരമായി കാർഡ്‌ നൽകുന്നുണ്ട്‌. ഇ–-കാർഡ്‌ നടപടികളുടെ രൂപരേഖ തയ്യാറായി വരുന്നേയുള്ളൂ. നാഷണൽ ഇൻഫോർമാറ്റിക്‌ സെന്ററാണ്‌ പദ്ധതി  നടപ്പാക്കുക.

    No comments

    Post Top Ad

    Post Bottom Ad