ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി എന്‍. കെ. പ്രേമചന്ദ്രൻ
ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ്. എന്‍. കെ. പ്രേമചന്ദ്രനാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്.
അതേസമയം കേസില്‍ ആരോപണ വിധേയരായ അധ്യാപകരെ ചോദ്യം ചെയ്യും. മതപരമായ വിവേചനം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍ അടക്കം ഫാത്തിമയുടെ ആത്മഹത്യകുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നവരെയാണ് ചോദ്യം ചെയ്യുക. അതിനിടെ കേന്ദ്ര വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ദളിത്,ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി.
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഐ.ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് ആരോപണ വിധേയരെ ചോദ്യം ചെയ്യുക. ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ പേരു പരാമര്‍ശിച്ചിരിക്കുന്ന ഐ.ഐ.ടിയിലെ ഹ്യുമാനീറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അധ്യാപകരെ വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാല്‍ എപ്പോൾ എവിടെ വച്ചു ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഈ അധ്യാപകരോട് ഐ.ഐ.ടി. ക്യാംപസ് വിട്ടുപോകരുതെന്ന് നേരത്തെ തന്നെ പൊലീസ് നിര്‍ദേശിച്ചിരുന്നു.
അതിനിടെ ഐ.ഐ.ടിയിലെ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് എന്‍ എസ്.യു തമിഴ്നാട് ഘടകം ഇന്നു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. 2007 ല്‍ ഡല്‍ഹി എയിംസില്‍ രുപീകരിച്ച ത്രോട്ട് കമ്മിറ്റിക്കു സമാനമായ സംവിധാനം മറ്റു കേന്ദ്ര വിദ്യഭ്യാസ സ്ഥപാനങ്ങളിലും വേണമെന്നാണ് ആവശ്യം. ഇതേ ആവശ്യം ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലും ഉന്നയിച്ചിട്ടുണ്ട്.
ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഐഐടിയില്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. രാവിലെ പത്തുമണിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
ഫാത്തിമയുടെ പിതാവ് ലത്തീഫും ബന്ധുക്കളും ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണും. നിയമസഭയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയെകൂടാതെ ഡിജിപിയെ കണ്ടും മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പങ്കുവയ്ക്കും. ഫാത്തിമ ജീവനൊടുക്കിയതില്‍ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്റെയും മറ്റ് അധ്യാപകരുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ആശങ്കകളും മുഖ്യമന്ത്രിയെ ധരിപ്പിക്കും.
No comments
Post a Comment