പരിധിയിൽ കൂടുതൽ സ്വർണ്ണം സൂക്ഷിച്ചാൽ പിടിവീഴുമോ? അറിയണം ഇക്കാര്യങ്ങൾ
സ്വർണ്ണം, വെള്ളി ആഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുകയെന്നത് ഇന്ത്യൻ സംസ്‌ക്കാരത്തിന്റെ ഒരു ഭാഗമാണ്. അതിലുപരി മിക്കവരും സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് ഒരു നിക്ഷേപമായിട്ടാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീടിയയിലും മറ്റും വീട്ടിൽ എത്ര സ്വർണ്ണം സൂക്ഷിക്കാം എന്നതിനെക്കുറിച്ച് പല തെറ്റായ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ വളരെയധികം ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്ന സ്വർണ്ണത്തിന്റെയും ആഭരണങ്ങളുടെയും പരിധിയെക്കുറിച്ചും ആദായനികുതി വകുപ്പും സിബിഡിടി സർക്കുലറും ഇക്കാര്യത്തിൽ എന്താണ് പറയുന്നത് എന്ന ചോദ്യത്തിനും സ്വതന്ത്ര നികുതി വിദഗ്ധനായ സുനിൽ ഗാർഗ് 'സീ' ബിസിനസ് ടിവിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ഒരു വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്ന സ്വർണ്ണാഭരണങ്ങൾക്കോ വെള്ളിക്കോ കണക്കില്ല. എന്നിരുന്നാലും, ഒരു നിശ്ചിത പരിധിക്ക് മുകളിൽ സ്വർണം, വെള്ളി അല്ലെങ്കിൽ വിലയേറിയ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവയുടെ കൃത്യമായ ഉറവിടം വെളിപ്പെടുത്താൻ ഉടമസ്ഥന് കഴിയണം.
വിവാഹിതയല്ലാത്ത സ്ത്രീക്ക് 250 ഗ്രാം സ്വർണ്ണവും വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണ്ണവും വീട്ടിൽ സൂക്ഷിക്കാം. കൂടാതെ ഒരു പുരുഷന് സൂക്ഷിക്കാൻ കഴിയുന്ന സ്വർണ്ണത്തിന് അളവ് 100 ഗ്രാമാണെന്നും സുനിൽ ഗാർഗ് പറഞ്ഞു. ഈ കണക്കുകൾക്ക് അർത്ഥം ഒരു വ്യക്തിക്ക് ഈ പരിധിയിൽ മാത്രമേ സ്വർണ്ണം സൂക്ഷിക്കാൻ കഴിയൂ എന്നല്ല. കൂടുതൽ വരുന്ന സ്വർണ്ണത്തിന് കൃത്യമായ ഉറവിടം കാണിക്കേണ്ടിവരുമെന്ന് മാത്രം. 1968-ലെ സ്വർണ്ണ നിയന്ത്രണ നിയമം 1990-ൽ റദ്ദാക്കിയതോടെ, ഉറവിടവുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിച്ചാൽ ഒരാൾക്ക് എത്രത്തോളം സ്വർണ്ണവും ആഭരണങ്ങളും വീട്ടിൽ സൂക്ഷിക്കാമെന്നതിന് പരിധിയില്ല.
നേരത്തെ, സ്വർണ്ണത്തിന്റെയും ആഭരണങ്ങളുടെയും ഉറവിടം സൂക്ഷിക്കേണ്ട ആവശ്യമില്ലായിരുന്നു, എന്നാൽ 2016-ലെ സിബിഡിടി സർക്കുലർ പ്രകാരം, മുകളിൽ പറഞ്ഞ പരിധിക്കപ്പുറമുള്ള സ്വർണ്ണത്തിന്റെയും ആഭരണങ്ങളുടെയും ഉറവിടം സൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ കൈൽ പരിധിയിൽ കൂടുതൽ സ്വർണ്ണമോ വെള്ളിയോ മറ്റ് ലോഹങ്ങളോ ഉണ്ടെങ്കിൽ സോഷ്യൽ മീടിയകളിൽ വരുന്ന കിംവദന്തികൾ വിശ്വസിക്കാതെ ആഭരണങ്ങളുടെ കൃത്യമായ ഉറവിടം തെളിയിക്കുന്ന രേഖകൾ സൂക്ഷിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No comments
Post a Comment