മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റിലെ നാലുപേർ അറസ്റ്റിൽ
പയ്യന്നൂർ : പുതുതായി തുടങ്ങുന്ന സഹകരണ ബാങ്കുകളിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ് നടത്തുന്ന നാലംഗ സംഘത്തെ പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പയ്യന്നൂർ സർവീസ് കോപ്പറേറ്റിവ് ബാങ്കിൽ സ്വർണം പണയം വെക്കാൻ എത്തിയ നീലേശ്വരം സ്വദേശി രാജനും പാടിച്ചാൽ സ്വദേശി ബൈജുവിനെയും സംശയം തോന്നിയ ബാങ്ക് അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ കയ്യിൽ നിന്നും 25 പവനോളം സ്വർണം പിടികൂടുകയും ഇരുവരെയും ചോദ്യം ചെയ്യലിൽ സംഘത്തിലുള്ള മറ്റു രണ്ടുപേരെ കുറിച്ചു വിവരം ലഭിക്കുകയും തുടർന്ന് കരുനാഗപ്പള്ളി സ്വദേശി ഷാജഹാനേയും, പഴയങ്ങാടി സ്വദേശി മൻസൂറിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പുതുതായി തുടങ്ങുന്ന സഹകരണ ബാങ്കുകളിൽ സ്ഥിരമായി മുക്കുപണ്ടം പണയം വെക്കുന്ന വൻ റാക്കറ്റാണ് ഇവരെന്ന് എസ്.ഐ ശ്രീജിത്ത് കോടേരി പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശിയായ ഷാജഹാനാണ് മുക്കുപണ്ടം ഉണ്ടാക്കി കണ്ണൂരിലെത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഈ സംഘം പാടിച്ചാലിലുള്ള മർച്ചന്റ്സ് കോപ്പറേറ്റിവ് ബാങ്കിൽ നാലുലക്ഷം രൂപയുടെ മുക്കുപണ്ടം പണയം വെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നീലേശ്വരത്ത് അഗ്രികൾച്ചറൽ ബാങ്കിലും മറ്റൊരു മുക്കുപണ്ടം പണയം വെച്ചിട്ടുണ്ട്. സഹകരണ ബാങ്ക്, മർച്ചന്റ്സ് ബാങ്ക്, അഗ്രികൾച്ചറൽ വെൽഫെയർ ബാങ്ക് എന്നിവിടങ്ങളിൽ നിരവധി തട്ടുപ്പുകൾ ഇവർ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ കയ്യിൽ നിന്നും ഒന്നരലക്ഷം രൂപയോളം പോലീസ് കണ്ടെടുത്തു.
No comments
Post a Comment