സൂക്ഷിക്കുക! ഗൂഗിൾ പേ വഴി തട്ടിപ്പ് വ്യാപകം, പണം നഷ്ടപ്പെടാതിരിക്കാൻ അറിയണം ചില കാര്യങ്ങൾ
ഗൂഗിൾ പേ മൊബൈൽ ആപ്പ് വഴി അയച്ച പണം അക്കൗണ്ടിലെത്തിയില്ല, അന്വേഷിച്ചപ്പോൾ കാലിയായത് യുവാവിന്റെ 2 ബാങ്ക് അക്കൗണ്ടുകളാണ്. ഇത് എങ്ങനെ സംഭവിച്ചു? കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ലഭിച്ച പരാതികളിൽ ഒന്നാണിത്. ഗൂഗിൾ പേ ആപ്പ് വഴ പണം അയച്ച വരാക്കര വട്ടണാത്ര സ്വദേശി മഞ്ഞളി ഡിക്ലസിന്റെ 2 ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് തട്ടിപ്പുകാർ കാലിയാക്കിയത്. സംഭവത്തിനു പിന്നിൽ വ്യാജ ഗൂഗിൾ പേ കസ്റ്റമർ കെയർ സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച നമ്പറുകളിൽ വിളിച്ചതാണ് പണിയായത്. ആ നമ്പറിൽ നിന്ന് തന്നെ തിരിച്ചുവിളിച്ച് അയച്ചു തന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയതോടെ ആപ്പുമായി ബന്ധിപ്പിച്ചിരുന്ന 2 ബാങ്ക് അക്കൗണ്ടുകളും കാലിയാകുകയായിരുന്നു.
ഗൂഗിൾ പേയുടെ പേരിൽ വ്യാജൻമാരും
ഗൂഗിൾ പേ ഉൾപ്പെടെയുള്ള പേയ്മെന്റ് സർവീസുകളുടെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വഴിയുള്ള ന്യൂജെൻ തട്ടിപ്പ് വ്യാപകമാണ്. പരാതികൾ പരിഹരിക്കാനെന്ന മട്ടിൽ വ്യാജ സൈറ്റുകളിൽ നൽകിയിരിക്കുന്ന നമ്പറുകൾ വഴിയാണു തട്ടിപ്പ്. ഗൂഗിൾ പേ പോലെയുള്ള യുപിഐ ആപ്ലിക്കേഷനുകളുടെ സാങ്കേതികത്വം അറിയാത്തവർ ഇതിൽ കുടുങ്ങുമെന്നുറപ്പ്.
മാസങ്ങൾക്ക് മുൻപ് തിരുവനന്തപരും കണ്ണംമൂലയിലെ നെറ്റ്‍വർക്കിങ്, സിസിടിവി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കല്ലമ്പലം സ്വദേശിയുടെ 16,900 രൂപയാണ് ഗൂഗിൾ പേയിലൂടെ തട്ടിയെടുത്തത്. ഗൂഗിൾ പേയിലൂടെ അറിയാതെ മറ്റൊരു നമ്പറിലേക്ക് ചെയ്ത 400 രൂപ റീചാർജ് തുക മടക്കിക്കിട്ടാനുള്ള ശ്രമത്തിനു വിലയായി നൽകേണ്ടിവന്നത് അക്കൗണ്ടിൽ കിടന്ന ആകെത്തുകയായ 16,900 രൂപയും.
ഇ–കൊമേഴ്സ് സൈറ്റുകളിലെ റീഫണ്ട് വാങ്ങിത്തരമാമെന്ന പേരിൽ ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ സൈബർസുരക്ഷാ വിഭാഗമായി സൈബർഡോം കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിന് ഇടപെടാൻ പരിമിതി
മാസങ്ങൾക്ക് മുൻപാണ് ഗൂഗിൾ പേ വഴി കല്ലമ്പലം സ്വദേശിയായ യുവാവ് സ്വന്തം ഫോണിൽ 400 രൂപയ്ക്ക് റീചാർജ് ചെയ്യാൻ ശ്രമിച്ചത്. പക്ഷേ ഒരു സംഖ്യ മാറിപ്പോയതിനാൽ റീചാർജ് ആയത് മറ്റൊരു നമ്പറിൽ. തുക തിരിച്ചുകിട്ടുമോയെന്നറിയാൻ മൊബൈൽ സേവനദാതാവിനെ വിളിച്ചെങ്കിലും അവർക്കൊന്നും ചെയ്യാൻ കഴിയില്ലെന്നറിയിച്ചു.
ഗൂഗിൾ പേയിൽ ബന്ധപ്പെടാനായി ഗൂഗിൾ സെർച്ചിൽ 'Google Pay Customer Care number' എന്ന് തിരഞ്ഞപ്പോൾ കിട്ടിയ നമ്പറുകളിലൊന്നിൽ വിളിച്ചു. ഇതു വ്യാജ നമ്പറായിരുന്നു. വിളിച്ചയുടൻ പണം മടക്കിത്തരാമെന്നു മറുതലയ്ക്കൽ നിന്നു ഹിന്ദിയിൽ ഓഫർ. അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്നായി ചോദ്യം. 16,900 എന്ന പറഞ്ഞയുടൻ ഒരു മെസേജ് ഗൂഗിൾ പേയിലെത്തുമെന്നു മറുപടിയെത്തി.
യഥാർഥത്തിലെത്തിയത് 16,900 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള പേയ്മെന്റ് റിക്വസ്റ്റായിരുന്നു. അതിൽ റീഫണ്ട് 16,900 എന്നെഴുതിയിരുന്നതിനാൽ പെട്ടെന്നു തിരിച്ചറിഞ്ഞില്ല. യുപിഐ പിൻ നൽകിയതോടെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിൽ! ഉപയോക്താവിന്റെ സമ്മതത്തോടെ നടന്ന ഇടപാടായതിനാൽ ബാങ്കിന് ഇടപെടാനും പരിമിതിയുണ്ടെന്നു സാങ്കേതികവിദഗ്ധർ പറയുന്നു.
ഗൂഗിളിലുള്ളതെല്ലാം വിശ്വസിക്കല്ലേ!
തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഗൂഗിളിൽ വിവിധ പേയ്മെന്റ് സർവീസുകളുടെയും ഇ–കൊമേഴ്സ് സൈറ്റുകളുടെയും പേരിലുള്ള കസ്റ്റമർ കെയർ നമ്പറുകൾ തിരഞ്ഞപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. 100 കണക്കിനു നമ്പറുകളാണു ട്വിറ്ററിലും മറ്റുമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗൂഗിൾ പേ എന്ന കീവേഡ് ഉള്ളതിനാൽ ഗൂഗിൾ സെർച്ചിലെ ആദ്യ പേജിൽ തന്നെ ഇവ കാണാം. മിക്ക ട്വീറ്റുകളുടെ ചുവടെ ഈ നമ്പറുകൾക്കോ അക്കൗണ്ടുകൾക്കോ ഗൂഗിൾ പേയുമായി യാതൊരു ബന്ധവുമില്ലെന്നു ഗൂഗിൾ പേയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മറുപടിയും നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊന്നും ആരും ശ്രദ്ധിക്കാറില്ല.
ശ്രദ്ധിക്കുക
∙ ഔദ്യോഗിക സൈറ്റുകളിൽ കയറി മാത്രം കസ്റ്റമർ കെയർ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ശേഖരിക്കുക. ഗൂഗിൾ പേ പോലെയുള്ള സേവനങ്ങൾക്ക് പ്രത്യേക നമ്പർ ഇല്ലെന്നതും ഓർമിക്കുക. ആപ് വഴിയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയും മാത്രമേ അവർ പരാതികൾ സ്വീകരിക്കൂ.
∙ തട്ടിപ്പിനിരയായാൽ ഒരു നിമിഷംപോലും പാഴാക്കാതെ ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനിലോ ക്രൈം സ്റ്റോപ്പർ നമ്പറായ 1090 ഡയൽ ചെയ്യാം. പൊലീസിൽ നിന്നു ലഭിക്കുന്ന ഇമെയിൽ വിലാസത്തിൽ കാർഡ് നമ്പർ, ട്രാൻസാക്‌ഷൻ നമ്പർ, മോഷ്ടിക്കപ്പെട്ട തുക എന്നിവ മെയിൽ ആയി അയയ്ക്കാം. ബാങ്കിൽ നിന്നു ലഭിക്കുന്ന മെസേജിൽ ഈ വിവരങ്ങളുണ്ടാകും. ഇതിന്റെ സ്ക്രീൻഷോട്ട് അയയ്ക്കാവുന്നതാണ്.
No comments
Post a Comment