വിദ്യാർത്ഥികളുടെ അറസ്റ്റ്; യുഎപിഎ വകുപ്പ് ചുമത്തിയ നടപടിയെ എതിര്‍ത്ത് പിണറായി വിജയൻ
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ചും യുഎപിഎ വകുപ്പ് ചുമത്തിയ നടപടിയെ എതിര്‍ത്തും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റും ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചത്. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെ ബാഗിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെടുത്തെന്ന് പിണറായി വിജയൻ പറഞ്ഞു. താഹ ഫസലിന്‍റെ വീട്ടിൽ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കണ്ടെടുത്തു. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. യുഎപിഎ ചുമത്തിയ പൊലീസ് നടപടിയിൽ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തും.
എന്നാൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഉള്ളത് കൊണ്ടു മാത്രം ഒരാൾ മാവോയിസ്റ്റ് ആകുമോ എന്നായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ചോദ്യം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസ് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.
www.ezhomelive.com
No comments
Post a Comment