Header Ads

  • Breaking News

    സുപ്രീം കോടതി വിധിയിലെ വസ്തുതകൾ പരിശോധിച്ചാണ് ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത്: കടകംപള്ളി സുരേന്ദ്രൻ



    തിരുവനന്തപുരം:ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത് സുപ്രീം കോടതി വിധിയിലെ വസ്തുതകൾ പരിശോധിച്ചാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആ തീരുമാനം എല്ലാവര്‍ക്കും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. സര്‍ക്കാരിനെ വിമര്‍ശിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറ‍ഞ്ഞു. യുവതീ പ്രവേശനത്തിനെതിരെ നിലപാടെടുത്ത സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും തീരുമാനത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ മറുപടി. 

    യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന്  പുന്നല ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണെന്നും രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നുമാണ് പുന്നല ശ്രീകുമാരിന്‍റെ ആരോപണം. 

    കോടതി വിധി മാനിക്കാൻ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് പറഞ്ഞ കടകംപള്ളി സര്‍ക്കാരിനെ വിമര്‍ശിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെന്നും പറഞ്ഞു. വിമര്‍ശനങ്ങളിലെ നല്ല വശങ്ങൾ ഉൾക്കൊള്ളുമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad