മുളക് പൊടി സ്‌പ്രേയടി വീരന്‍ കണ്ണൂര്‍ സ്വദേശി; കടുത്ത അയ്യപ്പഭക്തനെന്ന് പോലീസ്
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേയടിച്ചത് കണ്ണൂര്‍ ജില്ലക്കാരനായ യുവാവ്. ജില്ലയിലെ മലയോര മേഖലയായ ശ്രീകണ്ഠാപുരം സ്വദേശിയും ഹിന്ദു ഹെല്‍പ്‌ലൈന്‍ കോഓഡിനേറ്ററുമായ ശ്രീനാഥ് പത്മനാഭനാണ് മുളക് സ്‌പ്രേയടിച്ചതിനു പിന്നില്‍. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പൂനയില്‍ താമസിക്കുന്നുവെന്നാണ് ശ്രീനാഥ് ഫേസ്ബുക്കില്‍ വെളിപ്പെടുത്തുന്നത്. കൊച്ചി സിറ്റി പോലീസ് കമീഷണറുടെ ഓഫീസില്‍ അയ്യപ്പ ധര്‍മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ഇയാള്‍ അക്രമം നടത്തിയത്. കടുത്ത അയ്യപ്പഭക്തനാണ്. മണ്ഡലകാലം തുടങ്ങും മുമ്പ് തന്നെ ശബരിമലയില്‍ കയറണമെന്നാവശ്യപ്പെട്ട് തൃപ്തിയും രഹ്‌നാ ഫാത്തിമയും മറ്റും പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് ശ്രീനാഥും സംഘവും മണ്ഡലകാലം തുടങ്ങിയപ്പോള്‍ തന്നെ ശബരിമലയില്‍ എത്തിയിരുന്നു. ആ വിവരം ശ്രീനാഥ് തന്റെ ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ശബരിമലയില്‍ ഒരു യുവതികളെയും കയറ്റാന്‍ അനുവദിക്കില്ല എന്നതായിരുന്നു ശ്രീനാഥ് കുറിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ശ്രീനാഥിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അയ്യപ്പ ധര്‍മ സമിതി പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായിരുന്നു.
തൃപ്തി ദേശായി പുലര്‍ച്ചെ കൊച്ചിയിലെത്തി എന്നറിഞ്ഞതോടെ ശ്രീനാഥ് എത്തുകയായിരുന്നു. ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പോലീസ് കമീഷണറേറ്റ് ഓഫീസിനുള്ളില്‍ കയറിയിരുന്നു. ഇതോടെ അവര്‍ പുറത്തിറങ്ങും വരെ കാത്തിരിക്കുകയായിരുന്നു. തൃപ്തി ദേശായിയെ കമീഷണറുടെ മുറിയില്‍ എത്തിച്ചശേഷം ഫയല്‍ എടുക്കാനെത്തിയതായിരുന്നു ബിന്ദു അമ്മിണി. കാറില്‍നിന്ന് ഫയല്‍ എടുത്ത് മടങ്ങുമ്പോള്‍ നേരെ നടന്നുവരികയായിരുന്ന ശ്രീനാഥ് യാതൊരു ഭാവഭേദവുമില്ലാതെ ബിന്ദുവിന്റെ സമീപത്തെത്തിയപ്പോള്‍ കൈയില്‍ കരുതിയ മുളക് സ്പ്രേ ബിന്ദു അമ്മിണിയുടെ മുഖത്ത് അടിക്കുകയായിരുന്നു.
തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും എ കെ എസ് ജി എച്ച് എസ് സ്‌കൂളിലും വിദ്യാഭ്യാസത്തിനു ശേഷം ഇയാള്‍ ഓട്ടോ സിന്റല്‍ എന്ന കമ്പനിയില്‍ പ്രോഗ്രാമറാണെന്നും ഫേസ്ബുക്ക് ഇന്‍ഫോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
No comments
Post a Comment