Header Ads

  • Breaking News

    സംയുക്ത സമിതി തുടങ്ങിയ ഹർത്താലിൽ ജനജീവിതം സ്തംഭിക്കുന്നു; 100 ൽ അധികം പേർ കസ്റ്റഡിയിൽ



    കോഴിക്കോട്: പൗരത്വനിയമഭേദഗതിക്കെതിരെ സംയുക്ത സമിതി തുടങ്ങിയ ഹർത്താലിൽ ജനജീവിതം സ്തംഭിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും ബസ്സുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 100ല്‍ അധികംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 130 ഓളം പേരെ കരുതൽ തടങ്കലിലും വെച്ചിട്ടുണ്ട്. കോഴിക്കോട് പ്രകടനം നടത്തിയതിന് ഗ്രോ വാസു ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലാണ്

    മിക്കവാറും ജില്ലകളില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച്‌ തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്. 

    പാലക്കാട് ബസ് തടയാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ഇടപെട്ട് തടഞ്ഞു. 25 സമരാനുകൂലികളെ ഇവിടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിലും ബസ്സിനു നേരെആലുവയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി.

    മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. നഗരത്തില്‍ പലയിടങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കുന്നുമ്മലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധം തുടരുന്നു. തിരൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

    കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ബലംപ്രയോഗിച്ച്‌ നീക്കി. കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരില്‍ 30ഓളം പേര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ഇടുക്കിയിൽ പെമ്പിളൈ ഒരുമ നേതാവ് ഗോമതി ഉൾപ്പെടെയുള്ളവർ അറസ്റ്റിലാണ്.  ഇടുക്കി നെടുങ്കണ്ടത്ത് വാഹനം തടഞ്ഞതിന് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തുണ്ട്. കൊല്ലത്ത് 25 പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്.

    ശബരിമല തീര്‍ഥാടകരെയും റാന്നി താലൂക്കിനെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ല. അക്രമമോ ബലപ്രയോഗമോ നടത്തില്ലെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad