തീർഥാടകരുടെ എണ്ണം 36000 ൽ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോർഡ് നിർദേശം സുപ്രീംകോടതി എംപവേർഡ് കമ്മറ്റി എതിർത്തു
ന്യൂഡൽഹി: ശബരിമല തീർഥാടകരുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശത്തോട് വിയോജിച്ച് സുപ്രീംകോടതി എംപവേർഡ് കമ്മറ്റി. സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം 36000 ൽ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോർഡ് നിർദേശമാണ് കമ്മറ്റി എതിർത്തത്. മാസ്റ്റർ പ്ലാൻ പുതുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സുപ്രീംകോടതിയ്ക്ക് കൈമാറും.
ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരം പ്രതിദിനം സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം 36000 ആയി നിജപ്പെടുത്തിയിരുന്നു. എന്നാൽ മാസ്റ്റർ പ്ലാൻ പുതുക്കി പ്രതിദിനം ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം ഇരട്ടി ആക്കാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നതായി ഡിസംബർ നാലിന് ഡൽഹിയിൽ ചേർന്ന എംപവേർഡ് കമ്മിറ്റി യോഗത്തിൽ പരാതി ഉയർന്നിരുന്നു.
എംപവേർഡ് കമ്മിറ്റി യോഗത്തിൽ മാസ്റ്റർ പ്ലാൻ പുതുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രൊഫസർ ശോഭീന്ദ്രന്റെ അഭിഭാഷക ശബരിമലയിൽ ഒരു ദിവസം 360000 പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൈകിട്ട് സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് നെയ്യഭിഷേകം നടത്താൻ സന്നിധാനത്ത് തങ്ങേണ്ടി വരും എന്നും അതിനാൽ ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ല എന്നും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആവശ്യം ആണ് എംപവേർഡ് കമ്മിറ്റി തള്ളിയത്.
No comments
Post a Comment