റഷ്യയ്ക്ക് 4 വര്‍ഷം കായികവിലക്ക്
റഷ്യയ്ക്ക് കായികവിലക്ക്. അടുത്ത നാലു വര്‍ഷം രാജ്യാന്തര കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ റഷ്യയ്ക്കാവില്ല.
റഷ്യയ്ക്ക് കായികവിലക്ക്. അടുത്ത നാലു വര്‍ഷം രാജ്യാന്തര കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ റഷ്യയ്ക്കാവില്ല. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയാണ് റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിന്റെ സാഹചര്യത്തില്‍ 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാൻ റഷ്യയ്ക്കാവില്ല. 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പും റഷ്യയ്ക്ക് നഷ്ടമാവും. എന്നാല്‍ അടുത്തവര്‍ഷത്തെ യൂറോ കപ്പില്‍ രാജ്യത്തിന് മത്സരിക്കാം. പക്ഷെ വേദി റഷ്യയിൽ നിന്നും മാറും
കായികതാരങ്ങള്‍ക്ക് വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്ന റഷ്യന്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിലക്ക്. കഴിഞ്ഞ ജനുവരിയിൽ വാഡയുടെ അന്വേഷണ സംഘത്തിന് തെറ്റായ ഉത്തേജക പരിശോധനാ ഫലങ്ങളാണ് റഷ്യ കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് ചേർന്ന യോഗത്തിൽ വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റഷ്യയെ വിലക്കാന്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. നേരത്തെ, ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായിക വേദികളില്‍ നിന്നും റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കണമെന്ന് വാഡ പാനല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍ പ്രകാരമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നടപടി. ഇതേസമയം, തീരുമാനത്തിനെതിരെ 21 ദിവസത്തിനകം റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.
ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന റഷ്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കായികവേദികളില്‍ പങ്കെടുക്കാം. എന്നാല്‍ രാജ്യത്തിന്റെ ഔദ്യോഗിക യൂണിഫോം/ജഴ്‌സി ധരിക്കാന്‍ ഇവര്‍ക്കാവില്ല. ഈ താരങ്ങൾ മെഡലുകള്‍ നേടിയാല്‍ത്തന്നെ റഷ്യയുടെ പതാകയോ ദേശീയഗാനമോ മുഴങ്ങില്ല. മരുന്നടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി കര്‍ശന വ്യവസ്ഥകള്‍ റഷ്യന്‍ കായിക താരങ്ങള്‍ ഇനി പാലിക്കേണ്ടതായി വരും. വാഡയുടെ വിലക്കുളളതുകൊണ്ട് പുതിയ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനും റഷ്യയ്ക്ക് സാധിക്കില്ല. അടുത്ത നാലു വര്‍ഷത്തേക്ക് റഷ്യയില്‍ നിശ്ചയിച്ചിരിക്കുന്ന രാജ്യാന്തര ടൂര്‍ണമെന്റുകളെല്ലാം മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ അതത് കായിക സംഘടനകള്‍ സ്വീകരിക്കും
No comments
Post a Comment