ചരിത്രം കുറിച്ച് മാമാങ്കം; ചിത്രം 50 കോടി ക്ലബിൽ ?
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ മാമാങ്കം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചരിത്രത്തെ താരത്തിന് വേണ്ടി വളച്ചൊടിക്കാതെ അതുപോലെ പകർത്തി എന്ന അഭിപ്രായമാണ് നിരൂപണ കുറിപ്പുകളിൽ മുന്നിട്ടുനിന്നത്. എന്നാൽ ചിത്രത്തെ മനപ്പൂർവം താഴ്ത്തി കെട്ടി സൈബർ ഇടങ്ങളിൽ ചില കമന്റുകളും വിഡിയോകളും രംഗത്ത് എത്തിയിട്ടുണ്ട്.
എന്നാൽ എല്ലാവിധ സൈബർ ആക്രമണങ്ങളെയും ചിത്രം പരാജയപ്പെടുത്തി മുന്നേറുന്ന കാഴ്ചയാണ് ഉള്ളത്.ആദ്യ ദിനം 23 കോടി നേടിയ ചിത്രം രണ്ടാം ദിനം 17 കോടി നേടിയിരുന്നു.മൂന്നാം ദിനമായ ഇന്നലത്തെ കളക്ഷൻ റിപ്പോർട്ട് കൂടി പുറത്ത് വരുമ്പോൾ ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടം പിടിച്ചു കഴിഞ്ഞുവെന്ന് ഉറപ്പാണ്.വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തുന്ന വലിയ വിജയത്തിലേക്കാണ് മാമാങ്കം മുന്നേറുന്നത്.
55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഈ ഒരു ചരിത്രമാണ് മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഒന്നുകിൽ കൊല്ലുക, അല്ലെങ്കിൽ ചാവുക എന്ന മനസ്സോടെ സാമൂതിരിക്കു എതിരെ പട നയിച്ച ചാവേറുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന വലിയമ്മാമ എന്ന യോദ്ധാവ്, ഉണ്ണി മുകുന്ദന്റെ ചന്ദ്രോത് പണിക്കർ, മാസ്റ്റർ അച്യുതന്റെ ചന്തുണ്ണി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. പ്രകടനം വെച്ച് നോക്കുമ്പോൾ മൂന്നു പേരും ഒരേ പോലെ കളം നിറഞ്ഞാടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സിദ്ദിഖിന്റെ തലചേകവരുടെ കഥാപാത്രവും മികച്ചു നിൽക്കുന്നുണ്ട്
കാഴ്ചയിലും പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് തന്നെയാണ് മാമാങ്കം. സാങ്കേതിക തികവ് കൊണ്ടും അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന മാമാങ്കം മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ചയിൽ നിർണ്ണായകമാവും എന്നുറപ്പാണ്. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രാചി ടെഹ്‌ലനും അനു സിത്താരയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു എന്ന് സംശയമില്ലാതെ പറയാം . മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുദേവ് നായർ, ജയൻ ചേർത്തല, സിദ്ദിഖ്, ഇനിയ, കനിഹ, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, ഇടവേള ബബ്ബ്, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ, സുനിൽ സുഗത, മേഘനാദൻ , തരുൺ അറോറ, വത്സല മേനോൻ, എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും മികച്ചു നിൽക്കുന്നുണ്ട്. സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും തങ്ങളുടെ പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകനെ ചിത്രവുമായി കൂടുതൽ അടുപ്പിക്കുന്നു. മനോജ് പിള്ളൈയുടെ കാമറ കണ്ണുകളും മാമാങ്കത്തറയിലേക്ക് മലയാളികളെ കൊണ്ട് പോയിട്ടുണ്ട്. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു വിസ്‌മയം തന്നെയാണ് മാമാങ്കം എന്നുറപ്പ്.
http://bit.ly/2Iisq75
No comments
Post a Comment