8,000 രൂപയോ അതിന്റെ ഗുണിതങ്ങളോ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നല്‍കും! പക്ഷേ… കണ്ണൂരില്‍ മണിചെയിന്‍ ഉടമ അറസ്റ്റില്‍
കണ്ണൂർ: കണ്ണൂർ നഗരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പോലീസ് നടത്തിയ റെയ്ഡിൽ മണിചെയിൻ കന്പനി ഉടമ അറസ്റ്റിൽ. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ടുവൈടു ഡോട്ട്കോം എന്ന മണി ചെയിൻ സ്ഥാപനത്തിന്റെ ഉടമ തൃശൂർ കൈപ്പമംഗലത്തെ ഷാജി സി. മുഹമ്മദിനെ (48) അറസ്റ്റ്ചെയ്തത്.
തൃശൂർ, പാലക്കാട് കേന്ദ്രീകരിച്ചാണ് ഇയാൾ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയത്. തുടർന്ന് നിക്ഷേപകരെ പറ്റിച്ച് അവിടെ നിന്ന് മുങ്ങുകയായിരുന്നു. 8,000 രൂപയോ അതിന്റെ ഗുണിതങ്ങളോ ഈ സൈറ്റിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നൽകാമെന്നാണ് വാഗ്ദാനം.
തുക ഇരട്ടിച്ച് നൽകുന്പോൾ 20 ശതമാനം കമ്മീഷൻ കന്പനി എടുക്കുകയും ചെയ്യും. ആദ്യമൊക്കെ ഇതിൽ നിക്ഷേപിച്ചവർക്ക് തുക തിരിച്ചുനൽകിയിരുന്നു. പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നായി 31921 പേരാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്.
ഇവരിൽനിന്ന് 31,92,10,000 രൂപ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കമ്മീഷൻ തുകയായി ആറു കോടി രൂപ ഇയാൾക്ക് ലഭിച്ചതായാണ് പോലീസിന്റെ വിവരം. 17000 പേർക്ക് തുക തിരികെ നൽകാനുണ്ട്. കേരളത്തിലെ ഓരോ ജില്ലകളിലും ക്യാന്പുകൾ നടത്തിയാണ് നിക്ഷേപകരെ ഇയാൾ ആകർഷിക്കുന്നതെന്നും ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു.
മയക്കുമരുന്നുമായി കണ്ണൂരിലെ ടൂറിസ്റ്റ് ഹോമിൽ യുവാവ് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് മണിചെയിൻ തട്ടിപ്പുകാരൻ പിടിയിലായത്. ഡിവൈഎസ്പിക്കു പുറമെ എഎസ്ഐ മഹിജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, മിഥുൻ, സുഭാഷ്, സുജിത്ത്, മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment