വേദനാജനകമായ ആ നിമിഷം വിദൂരമല്ല, ഫുട്‌ബോള്‍ ഇതിഹാസം മെസിയുടെ വിരമിക്കല്‍ ഉടനുണ്ടാകും
ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണ കളിക്കളം വിട്ടപ്പോള്‍ ആരാധകരുടെ നെഞ്ച് പിടഞ്ഞത് മറക്കാനാകില്ല. മറ്റൊരു നിമിഷം അത്ര അകലെയുമല്ല. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ വിരമിക്കള്‍ ഉടനുണ്ടാകുമെന്നാണ് സൂചന. ബാഴ്‌സലോണ പരിശീലകന്‍ എര്‍ണസ്റ്റോ വല്‍വരെഡെ ആണ് ഇതുസംബന്ധിച്ച സൂചന നല്‍കുന്നത്.
മെസി ഉടന്‍ വിരമിക്കുമെന്ന ചിന്ത ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉണ്ടാകണമെന്നാണ് ബാഴ്‌സ പരിശീലകന്‍ പറഞ്ഞത്. കരിയറിലെ തന്റെ ആറാം ബലോന്‍ ദ്യോര്‍ സ്വന്തമാക്കിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മെസി വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. ഈ സമയം നന്നായി ആസ്വാദിക്കാന്‍ കഴിയുന്നത് എന്റെ വിരമിക്കല്‍ വിദൂരമല്ലാത്തതിനാലാണെന്നും മെസി പറഞ്ഞു. ഇതിനു പിന്നാലെയാണ് സമാനമായ അഭിപ്രായപ്രകടനവുമായി ബാഴ്‌സ പരിശീലകന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഇത് വളരെ സ്വാഭാവികമാണ്, മെസിക്ക് 32 വയസായി. മെസി ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. 30 കഴിയുമ്പോള്‍ തന്നെ ആ സമയം ആകാറുണ്ട്. മെസി ഉടന്‍ തന്നെ വിരമിക്കുമെന്ന ചിന്ത ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉണ്ടാകണം. വളരെ സ്വാഭാവികമായി വേണം അതിനെ കാണാനുമെന്നും എര്‍ണസ്റ്റോ വല്‍വരെഡെ പറഞ്ഞു.
കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് മെസിക്ക് ആറാം തവണയും ബലോന്‍ ദ്യോര്‍ സമ്മാനിച്ചത്. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, ലാലിഗ താരം, ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം എന്നിവയും ഇത്തവണ മെസി തന്നെയാണ് നേടിയത്. 2009 ലാണ് മെസി ആദ്യമായി ബലോന്‍ ദ്യോര്‍ നേടുന്നത്. പിന്നീട് 2010, 2011, 2012 വര്‍ഷങ്ങളിലും ബലോന്‍ ദ്യോര്‍ മെസി സ്വന്തം പേരില്‍ നിലനിര്‍ത്തി. അതിനുശേഷം 2015 ലാണ് മെസിയെ തേടി വീണ്ടും ബലോന്‍ ദ്യോര്‍ പുരസ്‌കാരം എത്തിയത്.
No comments
Post a Comment