ബ്ലാസ്റ്റേഴ്സ് ഇന്ന് പരിശീലനത്തിനിറങ്ങുക പച്ച നിറം കലർന്ന സ്പെഷ്യൽ ജേഴ്സിയിൽ
കേരള ഫുട്ബോൾ ദിനം ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഒരുങ്ങി. ഇതിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പ്രത്യേക ഗ്രാഫിക് ആർട്ട് ആലേഖനം ചെയ്ത പച്ചയും വെള്ളയും അടങ്ങിയ പ്രത്യേക ജേഴ്സിയിലാകും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷദ്പൂർ എഫ് സിക്കെതിരായ മത്സരത്തിന് മുൻപായി(വാം അപ്പ്) കളിക്കളത്തിൽ ഇറങ്ങുക. സംസ്ഥാനത്ത് കായികരംഗത്ത് സ്നേഹവും അഭിനിവേശവും വളർത്തിയെടുക്കുന്നതിനായി ഒരു മാർഗ്ഗദീപമാകുക എന്ന ലക്ഷ്യവുമായി ഇന്ന് (ഡിസംബർ 13 ന്) കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ജംഷഡ്പൂർ എഫ്സി ക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കേരള ഫുട്ബോൾ ദിനം ആഘോഷിക്കും.
കേരള ഫുട്ബോൾ ദിനത്തിന്റെ ഭാഗമായി ഫുട്ബോൾ കളിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്ത് സന്തോഷം പകരുന്നതിനുമുള്ള ഒരു സംരംഭമെന്ന നിലയിൽ, ക്ലബ് ഒരു ‘ഗിഫ്റ്റ് എ ബോൾ’ കാമ്പെയ്ൻ (#giftaball)ആരംഭിച്ചു. ഓരോരുത്തരും ഒരു കുട്ടിക്ക് അല്ലെങ്കിൽ വളർന്നുവരുന്ന ഫുട്ബോൾ പ്രേമികൾക്ക് ഒരു ഫുട്ബോൾ നൽകാൻ പ്രേരിപ്പിക്കുന്നതാണ് ഈ ക്യാമ്പയിൻ. കേരളത്തിന്റെ കായിക മന്ത്രി ഇ.പി.ജയരാജൻ ഔദ്യോഗികമായി പ്രചാരണത്തെ പിന്തുണയ്ക്കുകയും, സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.
ഫുട്ബോൾ എല്ലാവരുടേയും കായിക വിനോദമാണെന്ന ആശയം ഉദ്ഘോഷിക്കുന്നതിനായി, ഇരു ടീമുകളിൽ നിന്നുമുള്ള ആരംഭ ഇലവൻ കളിക്കാർ മൈതാനത്തേക്ക് പ്രവേശിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കുമ്പോഴും ഇന്ത്യൻ അന്ധ ഫുട്ബോൾ ഫെഡറേഷനിൽ നിന്നുള്ള 22 കുട്ടികൾ കളിക്കാർക്കൊപ്പം മൈതാനത്തെത്തും. കായികരംഗത്തിലൂടെ സമഭാവനയും സമത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്. കൂടാതെ ബ്ലൈൻഡ് ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ പ്രത്യേക ഓഡിയോ സെറ്റുകളിലൂടെ മത്സരത്തിന്റെ തത്സമയ വ്യാഖ്യാനവും നൽകും.
No comments
Post a Comment