സൈബര്‍ സുരക്ഷാ ഭീഷണിയിൽ ടിക് ടോക്; നിരോധനവുമായി അമേരിക്ക
അമേരിക്കന്‍ നാവികസേന ചെറിയ വിഡിയോ പങ്കുവയ്ക്കാവുന്ന ചൈനീസ് സമൂഹ മാധ്യമ ആപ്പായ ടിക്‌ടോക് സർക്കാർ നല്‍കിയിരിക്കുന്ന ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത് നിരോധിച്ചു. ഈ ആപ് ഒരു 'സൈബര്‍ സുരക്ഷാ ഭീഷണിയായതിനാലാണ്' നിരോധിച്ചതെന്ന് അറിയിപ്പില്‍ പറയുന്നു. അമേരിക്കയുടെ നാവികോദ്യോഗസ്ഥന്മാര്‍ക്കുള്ള ഫെയ്‌സ്ബുക് പേജിലാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ നല്‍കിയിരിക്കുന്ന ഫോണുകളില്‍ നിന്ന് ടിക് ടോക് ആപ് നീക്കം ചെയ്യാത്തപക്ഷം നാവികസേനയുടെ 'നേവി മറൈന്‍ കോര്‍പ്‌സ് ഇന്‍ട്രാനെറ്റില്‍ ( Navy Marine Corps Intranet) പ്രവേശനമുണ്ടായിരിക്കില്ല എന്നാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍, ആപ്പില്‍ പതിയിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാനൊന്നും നാവികസേന മുതിരുന്നില്ല. എന്നാല്‍, പെന്റഗണ്‍ വക്താവ് കേണല്‍ യു. ഓര്‍ലൻഡ് പറഞ്ഞത് ടിക് ടോക് നിരോധനം നിലവിലുളളതും പുതിയതായി വരുന്നതുമായ ഭീഷണികളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണെന്നാണ്. നിരോധനത്തെക്കുറച്ച് ടിക് ടോക് പ്രതികരിച്ചില്ല.
അമേരിക്കന്‍ ടീനേജര്‍മാര്‍ക്കിടയില്‍ ജ്വരമായി പടര്‍ന്നുകയറുകയായിരുന്നു ടിക് ടോക്. എന്നാല്‍, അമേരിക്കയുടെ ഇന്റര്‍നെറ്റ് റെഗുലേറ്റര്‍മാര്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പഠനവിധേയമാക്കുന്നുണ്ട്. അമേരിക്കന്‍ ആപ്പായ മ്യൂസിക്കലി (Musical.ly) 100 കോടി ഡോളറിനു വാങ്ങിയാണ് ടിക് ടോക് ഉടമയായ ബൈറ്റ്ഡാന്‍സ് അമേരിക്കയില്‍ കളം പിടിച്ചത്. അമേരിക്കന്‍ സർക്കാർ ഇപ്പോള്‍ ഈ ഇടപാടിന്റെ വിശദാംശങ്ങളും പഠിക്കുകയാണ്. കഴിഞ്ഞ മാസം അമേരിക്കന്‍ സേനയുടെ കേഡറ്റുകള്‍ ടിക് ടോക് ഉപയോഗിക്കുന്നതിനെതിരെ സെനറ്റര്‍ ചക് സ്‌കുമര്‍ രംഗത്തെത്തിയിരുന്നു. സേനയിലേക്ക് ആളെടുക്കുന്ന സമയത്ത് ടിക് ടോക് ഉപയോഗിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
ടിക് ടോകിന്റെ നിരോധനത്തെക്കുറിച്ചു സംസാരിക്കവെ ഒരു നാവികസേനാ വക്താവ് പറഞ്ഞത് സർക്കാർ നല്‍കുന്ന ഔദ്യോഗിക ഫോണുകളിലും പല ജനപ്രിയ സമൂഹ മാധ്യമ ആപ്പുകളും ഉപയോഗിക്കാന്‍ അനുവദിക്കാറുണ്ടെന്നും എന്നാല്‍ ഇടയ്ക്കിടെ സുരക്ഷാ ഭീഷണിയുണ്ടെന്നു കണുന്നവയെ നീക്കംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പതിവുണ്ടെന്നാണ്. എന്നാല്‍, ഇത്തരത്തില്‍ മുൻപ് നീക്കം ചെയ്ത ആപ്പുകളെക്കുറിച്ചുള്ള വിവരം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ഓര്‍ലൻഡ് പറഞ്ഞത് ഡിസംബര്‍ 16ന് ഇറക്കിയ സൈബര്‍ അവബോധ സന്ദേശത്തില്‍ ടിക് ടോക് ഉപയോഗിക്കുന്നത് സാഹസമായിരിക്കാമെന്നും ജോലിക്കാര്‍ തങ്ങളുടെ വ്യക്തിവിരങ്ങള്‍ ചോരാതിരിക്കാന്‍ ഉചിതമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ്.
അടുത്ത വൈറല്‍ ആപ്പുമായി ടിക് ടോക്
ടിക് ടോകിന്റെ ഉടമയായി ബൈറ്റ്ഡാന്‍സ് തങ്ങളുടെ അടത്ത വൈറല്‍ ആപ്പിറക്കാനുള്ള ശ്രമത്തിലാണ്. റെസോ (Resso) എന്നു പേരിട്ടിരിക്കുന്ന ഈ ആപ് ഒരു മ്യൂസിക് ആപ്പാണ്. ഇന്ത്യയിലും ഇന്തൊനീഷ്യയിലുമാണ് ഈ ആപ് പരീക്ഷണാർഥം ഇറക്കിയിരിക്കുന്നത്. ആപ്പിളിന്റെ ആപ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേയിലും ആപ് ലഭ്യമാണ്. ആപ്പിള്‍ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ സംഗീത സ്ട്രീമിങ് ആപ്പുകള്‍ക്കെതിരെയായിരിക്കും പുതിയ ആപ് മത്സരിക്കുക.
റെസോയിലൂടെ പാട്ടു കേള്‍ക്കുമ്പോള്‍ തത്സമയം പാട്ടിന്റെ വരികള്‍ വായിക്കാനാകും. ഓരോ പാട്ടിനടിയിലും കമന്റുകള്‍ രേഖപ്പെടുത്താനുള്ള അനുവാദവുമുണ്ടായിരിക്കും. പരസ്യമില്ലാതെ ആപ് ഉപയോഗിക്കണമെങ്കില്‍ ഇന്ത്യയില്‍ 119 രൂപയായിരിക്കും പ്രതിമാസ വരിസംഖ്യ. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബ്രാന്‍ഡുകളായ ടി-സീരീസ്, ടൈംസ് മ്യൂസിക്കില്‍ നിന്നും പട്ടുകള്‍ കേള്‍പ്പിക്കാനുള്ള അവകാശം ബൈറ്റ്ഡാന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്-അപ് കമ്പനിയായി ആണ് റെസോയുടെയും ടിക്‌ടോകിന്റയും ഉടമയായ ബൈറ്റ്ഡാന്‍സ് അറിയപ്പെടുന്നത്. ഏകദേശം 7500 കോടി ഡോളറാണ് അവരുടെ ആസ്തി എന്നാണ് പറയുന്നത്. 2017ല്‍ തുടങ്ങിയ ടിക്‌ടോക് 150 കോടി തവണ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ അടുത്തിടെ ലഭിച്ചിരിക്കുന്ന പുതിയ ഉപയോക്താക്കളുടെ എണ്ണം 1.16 കോടിയാണ്. ബൈറ്റ്ഡാന്‍സ് ഒരു ചൈനീസ് കമ്പനി അല്ലാതിരുന്നെങ്കില്‍, ടിക്‌ടോക് ലോകം അടക്കിവാഴുമായിരുന്നു എന്നാണ് പറയുന്നത്. അമേരിക്കയും മറ്റു രാജ്യങ്ങളും ടിക്‌ടോകിനെ മറ്റൊരു ചൈനീസ് ഭീമനായ വാവെയെ പൂട്ടിയതു പോലെ പൂട്ടിയാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് പറയുന്നത്.
www.ezhomelive.com
No comments
Post a Comment