നിലപാടിൽ ഉറച്ച് നിൽക്കുന്നു; യൂത്ത് കോൺഗ്രസ് തലപ്പത്തേക്ക് ഇല്ലെന്ന് ഹൈബി ഈഡൻ
കൊച്ചി: വരാനിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കുന്നില്ലെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എം പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. ഹൈബിയുടെ പേര് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണയിലിരിക്കെയാണ് ഹൈബി വിഷയത്തിൽ നിലപാടറിയിച്ചത്. സംഘടനയുടെ തലപ്പത്ത് പുതിയ നേതൃത്വത്തിന് അവസരം ഉണ്ടാക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന മുൻനിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഹൈബി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരായ പത്തുപേരുടെ പട്ടിക കേന്ദ്ര നേതൃത്വം പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ ഹൈബി ഈഡനോടൊപ്പം രമ്യാഹരിദാസ്, എം എല്‍എമാരായ ഷാഫി പറമ്ബില്‍, കെ എസ് ശബരീനാഥന്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യത പട്ടികയില്‍ എന്റെ പേര് ഉള്‍പ്പെട്ടിട്ടുള്ളത് സംഘടനയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരമുള്ള ഒരു പ്രക്രിയ മാത്രമാണ്. തിരഞ്ഞെടുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രായപരിധിക്കുള്ളിലായതിനാലും സംഘടനയില്‍ നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് കണക്കിലെടുത്തുമാണ് മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ്. ആ പെര്‍ഫോര്‍മേഴ്സ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമേ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ കഴിയുകയുള്ളു എന്ന് മാത്രമാണ് അത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ എന്റെ നിലപാട് കഴിഞ്ഞ വര്‍ഷം ഈ പ്രക്രിയ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. അന്ന് എം.എല്‍.എ.യായിരുന്നെങ്കില്‍ ഇന്ന് കൂടുതല്‍ ഉത്തരവാദിത്വമുള്ള എം.പി.യാണ്. സംഘടനയുടെ തലപ്പത്ത് പുതിയ നേതൃത്വത്തിന് അവസരം ഉണ്ടാക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന എന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഈ പ്രസ്ഥാനം ചെറുപ്രായത്തില്‍ തന്നെ എനിക്ക് ഏറെ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കെ.എസ്.യു. ജില്ലാ ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും പ്രസിഡന്റ്, എന്‍.എസ്.യു. ദേശീയ അധ്യക്ഷന്‍, രണ്ടു വട്ടം എം.എല്‍.എ., എം.പി. തുടങ്ങി ലഭിച്ച അംഗീകാരങ്ങള്‍ മുഴുവന്‍ പാര്‍ട്ടിയില്‍ ലഭിച്ച അവസരങ്ങള്‍ കൊണ്ടായിരുന്നു. പുതിയ യുവാക്കള്‍ക്ക് ഈ അവസരങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമെ പുതിയ നേതൃത്വം ഉയര്‍ന്നു വരികയുള്ളു. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ കഴിവ് തെളിയിച്ച നിരവധി ചെറുപ്പക്കാര്‍ക്ക് കൂടി ഈ പട്ടികയില്‍ ഇടം നല്‍കി അവസരങ്ങള്‍ നല്‍കേണ്ടതായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്.
അതിനാല്‍ ഈ സംഘടനാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കുന്നില്ല എന്ന നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പല്ലാതെ സമവായം ആണെങ്കിലും എന്റെ പേര് പരിഗണിക്കേണ്ടതില്ല.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق