Header Ads

  • Breaking News

    ഗവര്‍ണറെപ്പോലെ ഉന്നത പദവിയിലിരിക്കുന്നവരെ രാഷ്ട്രീയ പകപോക്കാനുള്ള ഇരയാക്കിമാറ്റാനുള്ള ശ്രമമാണ്; എം.ടി.രമേശ്



    കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ശ്രമം അപലപനീയമാണെന്നും അത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും  അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അത് നല്‍കുന്നില്ലെന്നാണ് രമേശ് ആരോപിക്കുന്നത്.

    വിരോധം തീര്‍ക്കാന്‍ മറ്റുപല നടപടികളും സ്വീകരിക്കാം. എന്നാല്‍ ഗവര്‍ണറെപ്പോലെ ഉന്നത പദവിയിലിരിക്കുന്നവരെ രാഷ്ട്രീയ പകപോക്കാനുള്ള ഇരയാക്കിമാറ്റുന്നത് ഗൗരവതരമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. സുരക്ഷാവീഴ്ച ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും കൈയ്യേറ്റ ശ്രമത്തിന് നേതൃത്വം നല്‍കിയ ജനപ്രതിനിധികള്‍ക്ക് എതിരെയും നടപടിയെടുക്കണം. ഗവര്‍ണര്‍ക്കെതിരെയുള്ള ഇത്തരത്തിലുള്ള നീക്കങ്ങള്‍ തടയാന്‍ സിപിഎം അടക്കമുള്ളവര്‍ തയ്യാറാകണമെന്നാണ് ബിജെപി ആവശ്യപെടുന്നതെന്ന് രമേശ് പറഞ്ഞു.

    പദവിക്ക് യോജിക്കാത്ത പ്രസ്താവനകളാണ് സ്പീക്കറും മന്ത്രിയും നടത്തുന്നതെന്നും രമേശ് ആരോപിച്ചു. ഭരണഘടനയ്ക്ക് അകത്ത് നിന്ന് പ്രതികരിക്കാത്തത് സ്പീക്കറാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയിട്ടുള്ള, രാഷ്ട്രപതി ഒപ്പിട്ടിട്ടുള്ള നിയമത്തെ എതിര്‍ത്താണോ ഗവര്‍ണര്‍ സംസാരിക്കേണ്ടത്. ഒരു ഗവര്‍ണര്‍ അങ്ങനെ സംസാരിക്കാന്‍ പാടുണ്ടോ. അദ്ദേഹം രാജ്യത്തെ നിയമത്തിന് അനുകൂലമായാണ് സംസാരിക്കേണ്ടത്, നിയമത്തിന് എതിരായിട്ടല്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ടെങ്കിലും യോഗത്തില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

    No comments

    Post Top Ad

    Post Bottom Ad