ഉഫ്ക്ക ഫുട്‌ബോള്‍; അന്ത്രുവിന്റെ ചിറകിലേറി ക്രസന്റ് ഓണപ്പറമ്പ്
തളിപ്പറമ്പ്:
ഉഫ്ക്ക ഫുട്ബോള്‍ മേള കാണികള്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന വ്യക്തമായ തെളിവായിരുന്നു ഇന്നലെ നടന്ന ക്രസന്‍റ് ഓണപ്പറമ്പ മൊഗ്രാല്‍ ബ്രദേഴ്സ് മത്സരം.ബാന്‍റ് മേളത്തിന്‍െറയും ആര്‍പ്പു വിളികളുടേയും അകമ്പടിയില്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടപ്പോള്‍ ഓണപ്പറമ്പ് അര്‍ഹിച്ചത് നേടി.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മൊഗ്രാലിനെ പരാജയപ്പെടുത്തിയാണ് നിലവിലെ റണ്ണറായ ഓണപ്പറമ്പ് കുതിപ്പിന് തുടക്കമിട്ടത്.
ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ചാണ് കാണികള്‍ സ്റ്റേഡിയത്തിലെത്തിയത്.പതിവിന് വിപരീതമായി ഗ്യാലറി നിറഞ്ഞപ്പോള്‍ കളിക്കാരുടെ ആവേശവും ഇരട്ടിച്ചു.മനോഹരമായ കളിയായിരുന്നു ഇരു ടീമുകളും കാഴ്ച വെച്ചത്.കളിയുടെ 26 ാം മിനിട്ടിലായിരുന്നു ഓണപ്പറമ്പ് കാത്തിരുന്ന ഗോളിന്‍െറ പിറവി.രണ്ടാം നമ്പര്‍ താരം വിഷ്ണു നല്‍കിയ മിന്നല്‍ പാസ് സ്വീകരിച്ച ഹാരിസ് അന്ത്രുവിന് പന്ത് മനോഹരമായി മറിച്ച് നല്‍കി.ബോക്സിനുള്ളില്‍ വെച്ച് അന്ത്രു തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ സബീഷിനെ കബളിപ്പിച്ച് വലയിലേക്ക്.തൊട്ടടുത്ത നിമിഷം തന്നെ രണ്ടാം ഗോളും പിറന്നു.അതും അന്ത്രുവിലൂടെ തന്നെ.മെെതാന മധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ച അന്ത്രു മൊഗ്രാലിന്‍െറ റിഫായിയേയും സഫാദിനെയും വകഞ്ഞു മാറ്റി പോസ്റ്റിലേക്ക് ചെയ്ത തകര്‍പ്പന്‍ ഷോട്ട് വലയുടെ ഇടത് മൂലയില്‍ അഭയം പ്രാപിച്ചു.
രണ്ടാം പകുതിയില്‍ ലഭിച്ച നല്ലൊരു അവസരം മൊഗ്രാല്‍ പാഴാക്കി.40 ാ മിനിറ്റില്‍ ഘാന താരം ഫെഡറിയുടെ ബുള്ളറ്റ് ഷോട്ട് ബാറിനു മുകളിലൂടെ പറന്നകന്നു.കാണികളുടെ പിന്തുണ വേണ്ടുവോളം ലഭിച്ച ഓണപ്പറമ്പ് 50 ാം മിനിറ്റില്‍ റാഹിലിലൂടെ മൂന്നാം ഗോളും നേടി വിജയം തങ്ങളുടേതെന്ന് ഉറപ്പിച്ചു.അവസരം ഒരുപാട് ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിയാതിരുന്ന മൊഗ്രാലിന് കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ആശ്വാസ ഗോളെങ്കിലും നേടാനായത്.ഫെഡറിയുടെ മനോഹരമായ കുതിപ്പില്‍ ഓണപ്പറമ്പിന്‍െറ ഗോള്‍ കീപ്പര്‍ മഖ്സൂദിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് തന്നെ പന്ത് വലയിലേക്ക് പാഞ്ഞു.
ഇന്ന് മൊട്ടമ്മല്‍ ബ്രദേഴ്സ് എഫ്.സി പ്രിയദര്‍ശിനി ഒഴിഞ്ഞ വളപ്പിനെ നേരിടും.
No comments
Post a Comment