Header Ads

  • Breaking News

    വിമാനവാഹിനി കപ്പൽ വൈകാതെ ചൈനയുടെ സൈന്യത്തിലേയ്ക്ക്



    ചൈനയുടെ രണ്ടാമത്തേയും തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തേയും വിമാനവാഹിനി കപ്പൽ വൈകാതെ സൈന്യത്തിന്റെ ഭാഗമാകും. എട്ടാമത്തെ സമുദ്ര പരീക്ഷണയോട്ടം കഴിഞ്ഞതിനു പിന്നാലെയാണ് വിമാനവാഹിനി കപ്പൽ കമ്മീഷന്‍ ചെയ്യാന്‍ തയാറായ വിവരം ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പടക്കപ്പലിലെ ഔദ്യോഗിക പരിശോധന പരേഡ് ഒക്ടോബര്‍ 24ന് തന്നെ പൂര്‍ത്തിയായിരുന്നു. അമേരിക്ക, ജപ്പാൻ, ഇന്ത്യ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടാണ് ചൈന പുതിയ വിമാനവാഹിനി കപ്പലുകൾ അതിവേഗം നീറ്റിലിറക്കുന്നത്.

    വിമാനവാഹിനി കപ്പലിന്റെ വശത്ത് 1 എന്ന് നമ്പറിട്ടതിന്റെ ചിത്രങ്ങള്‍ ഓൺൈലനിൽ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ നമ്പറിടുന്നത് സൈനിക സേവനത്തിന് തയാറാകുന്നതിന് പിന്നാലെയാണ്. ചൈനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ലിയോനിങ് 2012ലാണ് കമ്മീഷന്‍ ചെയ്തത്. സോവിയറ്റ് കാലഘട്ടത്തിലെ ഈ കപ്പല്‍ വലിയ തോതില്‍ അഴിച്ചു പണിതാണ് ചൈന നീറ്റിലിറക്കിയത്. പ്രധാനമായും പരിശീലനത്തിനും ജെ 15 പോര്‍വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കുമായാണ് ലിയോനിങ് എന്ന വിമാനവാഹിനി കപ്പലിനെ ഉപയോഗിക്കുന്നത്.

    ലിയോനിങ്ങിന് 16 ആണ് നമ്പറിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ വിമാനവാഹിനി കപ്പലിന് 17 ആയിരിക്കും നമ്പറെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബര്‍ 15നാണ് രണ്ടാം വിമാനവാഹിനി കപ്പല്‍ എട്ടാം സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം ഈ പടക്കപ്പലിനെ ചൈന ഡള്ളയനിലെ കപ്പല്‍ശാലയിലേക്ക് മാറ്റിയിരുന്നു. അതേസമയം, വിമാനവാഹിനി കപ്പലിൽ നിന്നുള്ള പരീക്ഷണങ്ങളും മറ്റു സൈനികാഭ്യാസങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്.

    2013 മുതലാണ് ചൈനീസ് നാവികസേനയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിമാനവാഹിനി കപ്പലുകള്‍ക്കായി ശ്രമം തുടങ്ങുന്നത്. രണ്ടാം വിമാനവാഹിനി കപ്പല്‍ സേനയുടെ ഭാഗമാകുമ്പോള്‍ മൂന്നാമത്തേതിന്റെ നിര്‍മാണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം ഷാങ്ഹായ് പ്രവിശ്യയില്‍ വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ കപ്പല്‍ശാല ചൈന നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ വിമാനവാഹിനി കപ്പലുകളുടെ എണ്ണം അഞ്ചോ ആറോ ആയി ഉയര്‍ത്താനാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം.


    https://ift.tt/2rP3ugL

    No comments

    Post Top Ad

    Post Bottom Ad