പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു; സർക്കാർ വിശദീകരണം നൽകണം
കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷെഹ് ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി.
ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പുകളോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ക്രിസ്മസ് അവധിക്കു ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും. ആരോഗ്യ,വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വയനാട് ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷഹ് ലയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിലും താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നതിലും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും വിശദീകരണം നല്‍കേണ്ടി വരും. കേസില്‍ ആരോപണ വിധേയരായ അധ്യാപകരും ഡോക്ടറും മുന്‍ കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
ഷെഹ് ല ഷെറിന്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകരുടേയും ഡ്യൂട്ടി ഡോക്ടറുടേയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി നേരത്തെ പോലിസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. മാനന്തവാടി അസി. പോലിസ് കമ്മിഷണര്‍ വൈഭവ് സക്‌സേനയാണ് വിശദീകരണം നല്‍കിയിരുന്നത്.നവംബര്‍ 20നാണ് ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ചത്.
No comments
Post a Comment