Header Ads

  • Breaking News

    സന്നിധാനത്ത് മൊബൈൽ ഫോണിന് നിയന്ത്രണം


    സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ശക്തമായി നടപ്പാക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്. ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവ്ഇറങ്ങും.

    സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

    രണ്ടു ദിവസം മുന്‍പാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. ആദ്യഘട്ടത്തില്‍ നിരോധനം ലംഘിക്കുന്നവരുടെ ഫോണുകളില്‍നിന്ന് ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയും അടുത്ത ഘട്ടത്തില്‍ ഫോണ്‍ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങുമെന്നാണ് ദേവസ്വംബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്.കൂടാതെ, സമൂഹമാധ്യമങ്ങളില്‍ ശബരിമലയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാനും ദേവസ്വംബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 
    അരവണയില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയിരുന്നു. ഇതിനെതിരെ ഡിജിപിക്ക് ദേവസ്വംബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad