കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ലെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി. മുല്ലപ്പള്ളി ആഭ്യന്തരസഹമന്ത്രിയായിരുന്നപ്പോള്‍ നിര്‍ദേശം വന്നിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഫയലില്‍ തീരുമാനം എടുത്തിട്ടില്ല.
മതപരമായ വിവേചനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തിലും വരുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാർ. പതിനാറുലക്ഷത്തി അന്‍പതിനായിരം രൂപ ചെലവില്‍ 15 പേരെ താമസിപ്പിക്കാനുള്ള കേന്ദ്രമാണ് സാമൂഹികനീതിവകുപ്പ് നിര്‍മിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്ന് സംസ്ഥാനസര്‍ക്കാര്‍ വിശദീകരിച്ചു.
മതിയായ രേഖകളില്ലാതെ സംസ്ഥാനത്തു പിടിയിലായി വിചാരണ കാത്തിരിക്കുന്നവരെ പാര്‍പ്പിക്കാനാണ് തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സാമൂഹ്യ നീതി വകുപ്പാണ് ഇത്തരക്കാരെ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുന്നത്. ഇത് മാതൃകയാക്കിയാണ് സംസ്ഥാന സര്‍ക്കാരും ഫയല്‍ സാമൂഹ്യ നീതി വകുപ്പിനു കൈമാറിയത്. ആദ്യ ഘട്ടത്തില്‍ 15 പേരെ പാര്‍പ്പിക്കാനുള്ള കേന്ദ്രം നിര്‍മിക്കും. ഇതിന് ചെലവാകുന്ന 16,5000 രൂപയുടെ ഫയല്‍ ഇപ്പോള്‍ സാമൂഹ്യ നീതി വകുപ്പിലാണ്. ഫയല്‍ പാസാകുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കും. സാമൂഹ്യനീതി വകുപ്പിന്‍റെ ഉടമസ്ഥതയുള്ള സ്ഥലത്തായിരിക്കും നിര്‍മാണം.
മുല്ലപള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ എല്ലാ സംസ്ഥാനങ്ങളോടും ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ 2015 ഹൈക്കോടതിയും, 2016 ല്‍ മനുഷ്യാവകാശ കമ്മിഷനും സമാനമായി നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ ഫയല്‍ നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പൗരത്വനിയമഭേദഗതിക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം തുടരുമ്പോഴാണ് സര്‍ക്കാര്‍ നീക്കം.
No comments
Post a Comment