ഗവർണർക്കെതിരെ പ്രതിഷേധം: മുദ്രാവാക്യം വിളിച്ച് ഹിസ്റ്ററി കോൺഗ്രസ് പ്രതിനിധികൾ; ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ
കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസ് കണ്ണൂർ സർവകലാശാലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോൺഗ്രസ് പ്രതിനിധികളുടെ പ്രതിഷേധം. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധസ്വരമുയർത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ മടങ്ങി.
ഗവർണർക്കു മുന്നോടിയായി പ്രസംഗിച്ച കെ.കെ.രാഗേഷ് എംപി, രാജ്യം ഭരിക്കുന്നവർ വർഗീയതയുടെ പേരിൽ ചരിത്രം തിരുത്തിക്കുറിക്കുന്നുവെന്നു വിമർശനമുന്നയിച്ചു. സ്വാതന്ത്ര്യസമരത്തിൽ ഒരു റോളും ഇല്ലാത്തവർ, ബ്രിട്ടിഷുകാരുടെ താളത്തിനൊത്തു തുള്ളുകയും കുഴലൂത്ത് നടത്തുകയും ചെയ്തവർ ചരിത്രം തിരുത്തിയെഴുതാൻ നോക്കുന്നു. ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിലല്ല ചരിത്രം വ്യാഖ്യാനിക്കേണ്ടത്. സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതിയ രക്തസാക്ഷികളുടെ നാടാണു കേരളമെന്നോർക്കണമെന്നും രാഗേഷ് സൂചിപ്പിച്ചു. രാജ്യം സ്വതന്ത്രമായശേഷം നടക്കുന്ന ഏറ്റവും വലിയ ചരിത്ര അപനിർമിതിയാണ് ഇപ്പോൾ നടക്കുന്നതെന്നും ഭരണഘടന ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ ചരിത്ര കോൺഗ്രസ് തള്ളിപ്പറയണമെന്നും ആശംസാ പ്രസംഗം നടത്തിയ സിൻഡിക്കറ്റ് അംഗം ബിജു കണ്ടക്കൈയും പറഞ്ഞു.
തുടർന്ന് ഉദ്ഘാടന പ്രസംഗത്തിനെഴുന്നേറ്റ ഗവർണർ, എഴുതിത്തയാറാക്കിയ പ്രസംഗമുണ്ടെങ്കിലും അതിനു മുന്നോടിയായി ചില കാര്യങ്ങൾ പറയുകയാണെന്നു സൂചിപ്പിച്ചുകൊണ്ട് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പരാമർശിച്ചു. 26–ാം വയസിൽ പാർലമെന്റേറിയനായ തനിക്ക്, രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങൾ ഉയർന്നു വരുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്നും അതിനുവേണ്ടി പ്രതിരോധമുയർത്തുമെന്നും പ്രതിജ്ഞ ചെയ്താണു ഗവർണറായത്. ഭരണഘടനക്കെതിരെ ഭീഷണിയുണ്ടായെന്നു തോന്നിയ ഘട്ടങ്ങളിൽ പദവി വലിച്ചെറിഞ്ഞ ചരിത്രമുള്ളയാളാണു താൻ. പൗരത്വഭേദഗതി വിഷയത്തിൽ രാജ്ഭവനിൽ പ്രതിഷേധിച്ചവരോടും കോഴിക്കോട് തനിക്കെതിരെ പ്രതിഷേധിച്ചവരോടും ചർച്ചയ്ക്കും സംവാദത്തിനും തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഒരാൾ പോലും അതിനു തയാറായില്ല.
പൗരത്വഭേദഗതി നിയമത്തിൽ തന്നെ സംബന്ധിച്ചു തന്റെ വീക്ഷണമാണു ശരി. എതിർക്കുന്നവർക്ക് അവരുടെ വീക്ഷണമാണു ശരി. പരിഹാരമുണ്ടാകണമെങ്കിൽ രണ്ടു കൂട്ടരും ചർച്ച നടത്തണം. അതിനാണു താൻ ക്ഷണിച്ചത്. എന്നാൽ തങ്ങൾക്കു പ്രതിഷേധം മതി, സംവാദം വേണ്ടെന്ന നിലപാടാണു പ്രതിഷേധക്കാരുടേത്. ഗാന്ധിജി കൊല്ലപ്പെടുന്നതിനു മുൻപ്, തന്നെ എതിർത്തുപോന്നവരെ മൂന്നു വട്ടം ചർച്ചയ്ക്കു ക്ഷണിച്ചിരുന്നു. അവർ തയാറായില്ല. ഒടുവിൽ ഗോഡ്സെയുടെ കയ്യാൽ ഗാന്ധിജി കൊല്ലപ്പെടുകയാണു ചെയ്തത്. സംവാദത്തിനുള്ള വാതിൽ അടയ്ക്കുന്നവർ അക്രമം പ്രോൽസാഹിപ്പിക്കുകയാണു ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ രാഷ്ട്രവിഭജനം അനുഭവിച്ചവരല്ല.
എന്നാൽ അയൽക്കാർ പ്രക്ഷോഭത്തിനിറങ്ങുമ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പാക്കിസ്ഥാനി ക്രിക്കറ്റർ ഡാനിഷ് കനേറിയ പാക്കിസ്ഥാനിൽ നേരിട്ട പീഡനങ്ങൾ അടുത്തിടെയാണു മനസിലാക്കിയതെന്നും അതു കനേറിയ ഹിന്ദുവായിരുന്നതിന്റെ പേരിലായിരുന്നുവെന്നാണു താൻ വായിച്ചതെന്നും ഗവർണർ പറഞ്ഞപ്പോഴാണു മുൻനിരയിലിരുന്ന പ്രതിനിധികളിൽ ചിലർ പ്ലക്കാർഡുമായി എഴുന്നേറ്റത്. ഇവരെ പൊലീസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ കൂടുതൽ പ്രതിനിധികൾ എഴുന്നേറ്റു നിന്നു മുദ്രാവാക്യം വിളിച്ചു.
ഇതു പാക്കിസ്ഥാനല്ല, ഇന്ത്യയാണെന്നു ഗവർണറോടു ചിലർ വിളിച്ചു പറഞ്ഞു. വേദിയിലിരുന്ന പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗവർണർക്കു സമീപമെത്തി, ഇത്തരത്തിലാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ഗാന്ധിജിയെ അല്ല ഗോഡ്സെയെ ക്വോട്ട് ചെയ്യൂ എന്നാവശ്യപ്പെട്ടു. ഇർഫാന്‍ ഹബീബിനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ പിന്തിരിപ്പിച്ചെങ്കിലും അദ്ദേഹം ഗവർണക്കെതിരെ ആക്രോശം മുഴക്കി. പ്രതിഷേധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെങ്കിൽ സംസാരിക്കാൻ തനിക്കും അവകാശമുണ്ടെന്നു ഗവർണർ പ്രതിഷേധക്കാരോടു പറഞ്ഞു. മറ്റു കാര്യങ്ങളിലേക്കു താൻ കടക്കുന്നില്ലെന്നും എഴുതിത്തയാറാക്കിയ പ്രസംഗം നടത്താമെന്നും ഗവർണർ പറഞ്ഞെങ്കിലും പ്രതിഷേധം തുടർന്നു.
ഇതോടെ, പ്രതിഷേധംകൊണ്ട് തന്റെ വായടപ്പിക്കാമെന്നു കരുതേണ്ടെന്നു പറഞ്ഞു ഗവർണർ പ്രസംഗം അവസാനിപ്പിച്ചു മടങ്ങി. പ്രതിഷേധ പ്രതിനിധികളിൽ ചിലരെ പൊലീസ് പിടികൂടിയെങ്കിലും അപ്പോൾ തന്നെ വിട്ടയച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെ പൊലീസ് നടപടിയിലൂടെ നേരിട്ടതിനെതിരെ ചരിത്ര കോൺഗ്രസ് ഭാരവാഹികൾ പൊലീസിനെ പ്രതിഷേധം അറിയിച്ചു. നേരത്തേ ഉദ്ഘാടനത്തിനെത്തിയ ഗവർണറെ, ഉദ്ഘാടനവേദിക്കു പുറത്തു കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
No comments
Post a Comment