സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം
തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയിൽ ആംഢബര വാഹനങ്ങള്‍ രജിസ്റ്റർ ചെയ്ത കേസിൽ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം നാളെ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കും.
സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട് വാഹനവും പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ടുമെന്‍റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വ്യാജ രേഖ ചമക്കൽ, തെളിവ് നശിപ്പിക്കല്‍, മോട്ടോർ വാഹനവകുപ്പിലെ വകുപ്പുകള്‍ എന്നിവയാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിലയിരിക്കുന്നത്.
വ്യാജ രജിസ്ട്രേഷൻ വഴി സർക്കാരിന് 19,60,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഈ കേസിൽ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടിരുന്നു. സുരേഷ് ഗോപിയെ കൂടാതെ ഫഹദ് ഫാസിൽ, അമല പോള്‍ എന്നിവരും വ്യാജ രജിസ്ട്രേഷനിൽ അന്വേഷണം നേരിട്ടിരുന്നു. എന്നാൽ, ഫഹദ് ഫാസിൽ പിഴയടച്ച് കേസിൽ നിന്നും ഒഴിവായി. അമല പോളിന്‍റെ വാഹനം കേരളത്തിൽ ഉപയോഗിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
പിഴയടക്കാൻ തയ്യാറാകാതിരുന്ന സുരേഷ് ഗോപി വാഹനങ്ങള്‍ ദില്ലിയിലേക്കും ബംഗളൂരിലേക്കും മാറ്റിയിരുന്നു. ഇപ്പോള്‍ ഈ വാഹനങ്ങള്‍ എറണാകുളത്തുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. കുറ്റപത്രം നാളെ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിക്കും. വ്യാജ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടെ 16 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. മറ്റ് കേസുകളുടെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു.
No comments
Post a Comment