Header Ads

  • Breaking News

    ഹര്‍ത്താലിൽ പരക്കെ അക്രമം;  സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല, നിരവധി പേരെ കരുതൽ തടങ്കലിലാക്കി



     തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പരക്കെ അക്രമം. ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്ക്   നേരെ കല്ലെറിയുകയും ചെയ്തു കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പല ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെ കരുതൽ തടങ്കലിലാക്കി. 

     വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട് വാഹനങ്ങൾ തടയാനെത്തിയവർക്ക് നേരെ പോലീസ് ലാത്തി വീശി. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ പ്രകടനം നടത്തിയ മുപ്പതോളം എസ്ഡിപിഐ പ്രവ‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച വെൽഫയർ പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 65ലധികം പേരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരിക്കുകയാണ്. 

     കാസർകോട് ഹർത്താൽ ഭാഗികമാണ്. സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല. ഹർത്താലനുകൂലികൾ നടത്തിയ മാർച്ചിൽ വാഹനങ്ങൾ തടഞ്ഞതോടെ, പൊലീസ് മാർച്ച് തടഞ്ഞു. ഒരാളെ കസ്റ്റഡിയിലെടുത്തു. ആലുവ കുട്ടമശ്ശേരിയിൽ കെഎസ്ആർടിസി  ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന മിന്നൽ ബസിന് നേരെ പുലർച്ചെ 3.50നാണ് കല്ലേറുണ്ടായത്. ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു. ആലപ്പുഴയിൽ ബസിന്‍റെ താക്കോൽ ഹർത്താൽ അനുകൂലികൾ ഊരിയെടുത്തു. 

     രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.  ഇന്നത്തെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല. 

    No comments

    Post Top Ad

    Post Bottom Ad