Header Ads

  • Breaking News

    പറശിനിക്കടവ് ക്ഷേത്രത്തില്‍ കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന യുവതി തളിപ്പറമ്പ പോലീസിന്റെ പിടിയില്‍



    പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച പാനൂര്‍ സ്വദേശിനിയായ യുവതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ മേലെ ചമ്പാട് വാടക വീട്ടില്‍ താമസിക്കുന്ന ഷംന ബിജു(38) ആണ് അറസ്റ്റിലായത്.
    ഇന്നലെ കൃസ്തുമസ് പൊതു അവധിയായതിീനാല്‍ പറശിനിക്കടവ് ദര്‍ശനത്തിന് നിരവധിയാളുകള്‍ എത്തിയിരുന്നു. രാവിലെ ഒന്‍പതരയോടെ ചാലക്കുടി സ്വദേശികളുടെ കുട്ടിയുടെ ഒന്നര പവന്‍ സ്വര്‍ണ്ണ കാല്‍ വളയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് കോഴിക്കോട് നിന്നെത്തിയ കുട്ടിയുടെ രണ്ട് പവന്‍ വരുന്ന വളകളും നഷടപ്പെട്ടു. മോഷണവിവരം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ അവര്‍ പോലീസില്‍ വിവരം നല്‍കുകയും കുട്ടികളുടെ രക്ഷിതാക്കള്‍ രേഖാമൂലം പരാതികള്‍ നല്‍കുകയും ചെയ്തു.

    പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്ര പരിസരത്തു നിന്ന് തന്നെയാണ് യുവതി പിടിയിലായത്. പാനൂരില്‍ ടെയിലറിംഗ് ഷോപ്പും അതോടനുബന്ധിച്ച് ടെയിലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തുന്ന യുവതിക്ക് ഭര്‍ത്താവും മൂന്ന് മക്കളുമുണ്ട്.

    പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരക്കുള്ള ദിവസങ്ങളിലെല്ലാം പറശിനിക്കടവില്‍ യുവതിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് നാദാപുരം, തൃശൂര്‍ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി പേരുടെ കുട്ടികള്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഈ ദിവസങ്ങളില്‍ കാണാതെപോയിട്ടുണ്ടെങ്കിലും പോലീസില്‍ പരാതികള്‍ ലഭിച്ചിരുന്നില്ല. യുവതി പിടിയിലായ സാഹചര്യത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

    നാട്ടില്‍ വളരെ മാന്യമായ രീതിയില്‍ ജീവിക്കുന്ന യുവതി മോഷണത്തിന് പിടിയിലായത് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കയാണ്. നാല് മാസം മുമ്പ് മകളുടെ വിവാഹം കഴിഞ്ഞതിന് ശേഷം സാമ്പത്തികപ്രയാസമുണ്ടായതാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

    സമ്പന്ന കുടുംബത്തില്‍ ജനിച്ച യുവതി ഇതര മതസ്ഥനായ യുവാവിനെ പ്രേമിച്ച് വിവാഹം ചെയ്തതോടെ കുടുംബവുമായി ബന്ധം മുറിയുകയും വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കേണ്ടി വരികയും ചെയ്തു. നല്ല രീതിയില്‍ അണിഞ്ഞൊരുങ്ങി നടക്കാനുള്ള ആഗ്രഹവും മോഷണത്തിലേക്ക് തിരിയാന്‍ കാരണമായതായും പോലീസിനോട് യുവതി സമ്മതിച്ചു. സിഐ എന്‍.കെ.സത്യനാഥന്‍, എസ്ഐ പുരുഷോത്തമന്‍, എഎസ്ഐ എ.ജി.അബ്ദുള്‍ റൗഫ്, സ്‌നേഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് മജിസ്ട്രട്ട് മുമ്പാകെ ഹാജരാക്കിയ ഷംനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad