Header Ads

  • Breaking News

    അന്തര്‍സംസ്‌ഥാന ലഹരികടത്ത്:: തലശ്ശേരി സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയില്‍


    കോട്ടയം: 
    മോഷ്‌ടിച്ച ഇരുചക്ര വാഹനങ്ങളില്‍ ഗോവയില്‍നിന്നടക്കം കഞ്ചാവും ലഹരി മരുന്നുകളും കടത്തുന്ന അന്തര്‍സംസ്‌ഥാന ലഹരികടത്ത്‌ സംഘം പിടിയില്‍. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പനച്ചേപ്പള്ളി പുന്നത്താനം വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന ഇന്‍സമാം ഉള്‍ ഹഖ്‌ (23), കായംകുളം കീരിക്കാട്ട ഷമീര്‍ മന്‍സില്‍ ഷെമീര്‍ (32) എന്നിവരാണു പിടിയിലായത്‌. സംക്രാന്തിയില്‍നിന്നു മോഷ്‌ടിച്ച ബൈക്ക്‌, അട്ടപ്പാടി ഷോളയാര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ള ബുള്ളറ്റ്‌, കോഴിക്കോട്‌ കസബ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ള ആഡംബര ബൈക്ക്‌ എന്നിവയും ഇവരില്‍നിന്നു പിടിച്ചെടുത്തു. തലശേരി പിലാക്കൂര്‍ സ്വദേശിയാണ്‌ ഇന്‍സമാം ഉള്‍ ഹഖ്‌.
    മോഷ്‌ടിച്ച ബൈക്കില്‍ ഗോവയില്‍നിന്നു വീര്യംകൂടിയ എല്‍.എസ്‌.ഡി, എം.ഡി വണ്‍, ഹാഷിഷ്‌, ചരസ്‌, കഞ്ചാവ്‌ ഓയില്‍ എന്നിവ മംഗലാപുരം, കാസര്‍കോട്‌, കോഴിക്കോട്‌, കണ്ണൂര്‍, കൊച്ചി വഴി കോട്ടയത്തെത്തിക്കുകയും തുടര്‍ന്ന്‌ വിവിധ സ്‌ഥലങ്ങളിലേക്കു വിതരണം ചെയ്യുകയുമാണ്‌ ചെയ്‌തിരുന്നത്‌.
    കുമാരനല്ലൂരില്‍ അടുത്തിടെ നടന്ന മോഷണങ്ങളില്‍ നടന്ന അന്വേഷണത്തിനിടെ സംക്രാന്തിയില്‍നിന്നു ബൈക്ക്‌ മോഷണം പോയത്‌ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്‌ ഈ ബൈക്ക്‌ കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം നടത്തുകയായിരുന്നു.
    ഗാന്ധിനഗര്‍ എസ്‌.എച്ച്‌.ഒ: ടി.എസ്‌. റെനീഷ്‌, എസ്‌.ഐ: കെ.എസ്‌. ഷാജി, എസ്‌.ഐ: എസ്‌. പ്രസന്നകുമാര്‍, ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ സി.പി.ഒ: ഷൈന്‍, പ്രത്യേക സ്‌ക്വാഡ്‌ അംഗങ്ങളായ എസ്‌.ഐ: വി.എസ്‌. ഷിബുക്കുട്ടന്‍, എ.എസ്‌.ഐ: പി.എന്‍. മനോജ്‌, സി.പി.ഒ: കെ.ആര്‍. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.
    പ്രതികളുടെ നേതൃത്വത്തില്‍ ലഹരി ഇടപാടുകാരെ കണ്ടെത്താന്‍ വര്‍ഷത്തിലൊരുദിവസം ഗോവയില്‍ പ്രത്യേക പാര്‍ട്ടി നടത്താറുണ്ടെന്ന്‌ പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. ഈ പാര്‍ട്ടിയില്‍ മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

    No comments

    Post Top Ad

    Post Bottom Ad