Header Ads

  • Breaking News

    മലബാര്‍ ക്രൂയിസ് പദ്ധതി: പഴയങ്ങാടിയില്‍ ബോട്ടുടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങി



    കണ്ണൂര്‍: 
    മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. പദ്ധതിയുടെ ഭാഗമായുള്ള പഴയങ്ങാടിയിലെ ബോട്ട് ടെര്‍മിനല്‍ ഉടന്‍ തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് വിനോദസഞ്ചാരവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് മലബാര്‍ ക്രൂയിസ് പദ്ധതി.

    തെക്കന്‍ ജില്ലയിലെ ജലാശയ വിനോദ സഞ്ചാര മാതൃകയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്. ഇരു ജില്ലകളിലെയും പ്രധാന പുഴകളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് പദ്ധതി. 42 കോടി രൂപയോളം ചെലവില്‍ ഒരുങ്ങുന്ന വിനോദ സഞ്ചാര പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. കണ്ണൂര്‍ ജില്ലയിലെ ഏഴു പുഴകളെയാണ് ബന്ധിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി, മാഹി, വളപട്ടണം, പഴയങ്ങാടി, പറശ്ശിനിക്കടവ് എന്നിവിടങ്ങളില്‍ ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കും. ഇതില്‍ പഴയങ്ങാടി ബോട്ട് ടെര്‍മിനിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടെര്‍മിനല്‍ നാടിന് സമര്‍പ്പിക്കും.

    പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വടക്കന്‍ കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കൂടുതല്‍ ജലയാനങ്ങള്‍ പുഴയിലൂടെ സര്‍വ്വീസ് നടത്തും. അനുബന്ധമായ കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും വിനോദസഞ്ചാരവകുപ്പ് അധികൃതരും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad