ആത്മാഭിമാനമോ ആരാധനയോ വലുത്? | ഡ്രൈവിംഗ് ലൈസൻസ് റിവ്യൂ
താരാരാധനയുടെ അങ്ങേ അറ്റവും ആത്മാഭിമാനത്തിന്റെ ആഴമേറിയ മുഖവും. അതാണ് ലാൽ ജൂനിയർ ഒരുക്കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. താരാരാധനയുടെ വ്യത്യസ്‌ത മുഖങ്ങളും ഭാവങ്ങളും കണ്ടിട്ടുള്ളവരാണ് മലയാളികൾ. കൈവിട്ടു പോകുന്ന കൈയ്യാങ്കളിക്ക് മുതിരുമ്പോഴും സൂപ്പർസ്റ്റാറുകൾ മനുഷ്യർ കൂടിയാണെന്ന കാര്യം ആരാധകർ മറക്കാറുണ്ട്. ആദ്യ ചിത്രമായ ഹണി ബീയിലൂടെ ഞെട്ടിച്ച സംവിധായകൻ ലാൽ ജൂനിയറിന്റെ ഇതേവരെ ചെയ്തിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒരു ചിത്രം തന്നെയാണ് ഡ്രൈവിംഗ് ലൈസൻസ്.
സൂപ്പർ താരം ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിള. ഡ്രൈവിങ്ങും അഭിനയവും ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടങ്ങളായി കരുതുന്ന ഹരീന്ദ്രന് ഒരു ഷൂട്ടിനു വേണ്ടി തന്റെ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമായി വരുന്നു. അപ്പോഴാണ് തന്റെ ലൈസൻസ് മിസ്സിങ് ആണെന്ന് അദ്ദേഹം അറിയുന്നത്. മറ്റു ചില സാങ്കേതിക തടസ്സങ്ങളും കൂടെ ആകുന്നതോടെ പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ടി വരുന്നു. അതിനായി ഹരീന്ദ്രൻ എത്തുന്നത് തന്റെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിളയുടെ മുന്നിലാണ്. എന്നാൽ അന്നേ ദിവസം അവിടെ നടക്കുന്ന ചില സംഭവങ്ങൾ ആരാധകനെയും സൂപ്പർ താരത്തെയും രണ്ടു തട്ടിൽ ആക്കുന്നു. ആത്മാഭിമാനം വൃണപ്പെട്ടാൽ സൂപ്പർ താരമായാലും സാധാരണക്കാരനായാലും അത് വലിയൊരു വേദന തന്നെയാണെന്ന് ചിത്രം ഓർമിപ്പിക്കുന്നു.
സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജ് സുകുമാരനും കട്ടക്ക് കട്ടക്ക് നിന്ന് അഭിനയിച്ച് വിസ്മയിപ്പിക്കുന്നതിലാണ് ചിത്രത്തിൻെറ നട്ടെല്ല്. മാറി മാറി സ്കോർ ചെയ്‌ത് ഇരുവരും കുതിക്കുമ്പോൾ പ്രേക്ഷകനും അതേ ആവേശത്തിൽ തന്നെയാണ് ചിത്രം കാണുന്നത്. ഇരുവരും മത്സരിച്ച് മുന്നേറുമ്പോൾ ചിരിയുടെ കടിഞ്ഞാൺ കൈയ്യിലേന്തി സൈജു കുറുപ്പും സുരേഷ് കൃഷ്ണയും മറ്റൊരു മത്സരം കാഴ്ച്ച വെക്കുന്നു. നന്ദു, ലാലു അലക്സ് എന്നിവരും മികച്ചു നിന്നു. ക്ലൈമാക്സിൽ ആദ്യ കൈയടി പൃഥ്വിരാജ് സ്വന്തമാക്കുമ്പോൾ അവസാന കൈയടി സുരാജിന്റെ പ്രകടനത്തിനാണ്. ഇന്നത്തെ മീഡിയയുടെ പല കള്ളത്തരങ്ങളേയും തുറന്ന് കാട്ടുന്നതോടൊപ്പം തന്നെ ആക്ഷേപഹാസ്യ രൂപത്തിൽ നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട് ചിത്രം. മിയ ജോർജ്, ദീപ്തി സതി എന്നിവരും അവരുടെ സാന്നിദ്ധ്യം മനോഹരമാക്കി.
പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചും ആവേശം കൊള്ളിച്ചും കണ്ണ് നനയിപ്പിച്ചും ഇരുത്തിയതിനോടൊപ്പം ആക്ഷേപഹാസ്യത്തിലൂടെ പലതിനെയും വിമർശിച്ച് പിടിച്ചിരുത്തുന്ന തിരക്കഥ ഒരുക്കിയ സച്ചിക്ക് തന്നെയാണ് എല്ലാ വിധ അഭിനന്ദങ്ങളും നേരേണ്ടത്. അലക്സ് ജെ പുളിക്കൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗിമ്മിക്കുകളില്ലാത്ത ക്യാമറ വർക്ക് ചിത്രത്തിൽ കാണാം. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലെ കളിക്കളം എന്ന ഗാനം വീണ്ടും കേൾക്കാം. സന്ദർഭോചിതമായതിനാൽ ഗാനം തീയേറ്ററിൽ ആസ്വാദ്യകരമാകുന്നുണ്ട്. യക്സൻ ഗാരി പെരേരിയയും നേഹ എസ് നായരും ചേർന്നാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ക്രിസ്‌തുമസ് ആഘോഷങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ സമയത്ത് അതെ ആഘോഷം തീയറ്ററുകളിൽ തീർക്കാവുന്ന ചിത്രമാ തന്നെയാണ് ഡ്രൈവിംഗ് ലൈസൻസ്. നിങ്ങൾ ഏതെങ്കിലും താരത്തിന്റെ കട്ട ഫാൻ ആണെങ്കിൽ ഈ ചിത്രം തീർച്ചയായും നിങ്ങൾക്കും കൂടിയുള്ളതാണ്.
www.ezhomelive.com
No comments
Post a Comment