മാസ്സ് താളത്തിൽ കൊട്ടിക്കയറി പുള്ള് ഗിരി | തൃശൂർ പൂരം റിവ്യൂ
തൃശൂർ പൂരം എന്ന് കേട്ടാൽ മലയാളിക്ക് ആദ്യമേ മനസ്സിൽ ഒരു സന്തോഷമാണ് വരുന്നത്. ലോക ശ്രദ്ധ പിടിച്ചു പറ്റിയ പൂരങ്ങളുടെ കാഴ്ച്ച എന്നും ലോകത്തിന് ഒരു അത്ഭുതമാണ്. ആ പൂരത്തിന്റെ ആഘോഷപ്പെരുമയുമായിട്ടാണ് ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനൻ സംവിധാനം നിർവഹിച്ച തൃശൂർ പൂരം എത്തിയിരിക്കുന്നത്. തൃശ്ശൂരിന്റെ മണ്ണിൽ തന്നെയുള്ള ചിത്രത്തിൽ കൊട്ടിക്കയറുന്ന ആക്ഷന്റെ പൂരകാഴ്ചകളും മനം നിറക്കുന്ന ബന്ധങ്ങളുടെ മേളത്തഴമ്പുമുണ്ട്. നവാഗതനായ സംവിധായകൻ അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി തന്നെ ചിത്രത്തിനായി ചിലവഴിച്ചിട്ടുണ്ടെന്ന് ചിത്രം വ്യക്തമാക്കി തരുന്നു.
ഗുണ്ടയുടെ കത്തിക്കിരയായ സ്വന്തം അമ്മയുടെ ജീവന് പകരം ചോദിച്ചു തുടങ്ങുന്നിടത്താണ് ഗിരിയുടെ ഗുണ്ടാ ജീവിതം തുടങ്ങുന്നത്. പ്രതികാരം ജുവനൈൽ ഹോമിലെത്തിച്ച ഗിരിക്ക് പിന്നീട് അങ്ങോട്ട് കൂട്ട് ലഭിക്കുന്നതും അത്തരക്കാർ തന്നെ. അവിടെ നിന്നും തൃശൂരിനെ വിറപ്പിക്കുന്ന പുള്ള് ഗിരിയിലേക്ക് വളർന്ന അയാളുടെ ജീവിതത്തിലേക്ക് മാറ്റം കൊണ്ട് വരുന്നത് വേണി എന്ന പെൺകുട്ടിയാണ്. അവളെയും വിവാഹം കഴിച്ച് കുഞ്ഞുമായി സ്വസ്ഥം ഗൃഹഭരണം കഴിയുന്ന ഗിരിയെ സാഹചര്യങ്ങൾ പഴയ ജീവിതത്തിലേക്ക് മാടി വിളിക്കുന്നു. പുതിയ ശത്രുക്കളും പുതിയ പോരാട്ടങ്ങളും തന്ത്രങ്ങളുമായി പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആക്ഷൻ ചിത്രങ്ങളുടെ സ്ഥിരം പാറ്റേണിൽ തന്നെ മുന്നേറുന്ന ചിത്രത്തിൽ ഏറെ എടുത്തു പറയേണ്ടത് ജയസൂര്യയുടെ സാന്നിദ്ധ്യവും പ്രകടനവുമാണ്. മകനായി, കൂട്ടുകാരനായി, കാമുകനായി, ഭർത്താവായി, അച്ഛനായി മിന്നുന്ന പ്രകടനം തന്നെയാണ് ജയസൂര്യ കാഴ്ച്ച വെച്ചിരിക്കുന്നത്. ജയസൂര്യയെ ആക്ഷൻ റോളിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ് ആരാധകർ. ചെറുതെങ്കിലും ശക്തമായ ഒരു വേഷവുമായി സ്വാതി റെഡ്ഢിയും തന്റെ റോൾ മനോഹരമാക്കി. സാബുമോൻ, ഇന്ദ്രൻസ്, ടി ജി രവി, ശ്രീജിത്ത് രവി, വിജയ് ബാബു, മനു, സുധീർ കരമന, മണിക്കുട്ടൻ, സുദേവ് നായർ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിങ്ങനെ ഒരു വമ്പൻ താരനിര അവരുടെ സാന്നിധ്യം കൊണ്ട് ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.
സംഗീത സംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. രാജശേഖർ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഒരു പക്കാ ആക്ഷൻ ചിത്രം ഈ ക്രിസ്‌തുമസ് അവധിക്കാലത്ത് കാണാൻ കൊതിക്കുന്നവർക്കുള്ള ജയസൂര്യയുടെ സമ്മാനമാണ് തൃശൂർ പൂരം.
www.ezhomelive.com
No comments
Post a Comment