വിവാഹവീട്ടിൽ അക്രമം; അഞ്ചു കാറുകൾ തകർത്തു; അക്രമം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ നാട്ടുകാർ പിടികൂടി
ശ്രീകണ്ഠപുരം:
ചെങ്ങളായി ചേരൻമൂലയിൽ വിവാഹ വീട്ടിൽ അക്രമം. 5 കാറുകൾ അടിച്ചു തകർത്തു. പ്രവാസി വ്യവസായി കെ.പി.പി. അബ്ദുൾ ഫത്താഹിന്റെ വീട്ടിലാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കണയന്നൂർ സ്വദേശി ശ്രീകണ്ഠപുരം കായിമ്പച്ചേരിയിൽ താമസിക്കുന്ന റഫീഖിനെ ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുമ്പ് പൈപ്പും പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. അബ്ദുൾ ഫത്താഹും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസം. മൂന്ന് മാസം മുമ്പ് അബ്ദുൾ ഫത്താഹിന്റെ മകൻ ഫഹീമിന്റെ വിവാഹം ഖത്തറിൽ നടന്നിരുന്നു. ഇതിന്റെ റിസപ്ഷൻ ഇന്നു വൈകുന്നേരം ചേരൻമൂലയിലെ വീട്ടിൽ നടക്കാനിരിക്കുവെയാണ് അക്രമമുണ്ടായത്.
മുറ്റത്ത് നിർത്തിയിട്ടിരുന്ന ബെൻസ്, ഇന്നോവ ക്രിസ്റ്റോ, മാരുതി റിപ്സ്, മാരുതി ബ്രസ, സിഫ്റ്റ് ഡിസയർ കാറുകളാണ് തകർത്തത്. കാറിന്റെ മുൻ ഭാഗത്തെയും പിന്നിലെയും സൈഡിലെയും ഗ്ലാസുകൾ ഉൾപ്പെടെ തകർത്തു. ശബ്ദം കേട്ട് പുറത്തെത്തിയ പാചകക്കാരന് നേരെയും വീടിന് നേരെയും പുറത്ത് നിന്ന് കല്ലേറ് ഉണ്ടായതോടെ ഇയാൾ വീട്ടുകാരെയും സമീപത്ത് താമസിക്കുന്ന ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.
വീട്ടുകാർ ഉൾപ്പെടെ എത്തിയതോടെ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. ഇരുമ്പ് പൈപ്പും കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. അതേ സമയം അക്രമത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും പിന്നിൽ ക്വട്ടേഷൻ സംഘങ്ങളുണ്ടെന്നുമാണ് വീട്ടുകാരുടെ പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
No comments
Post a Comment