ആരാധകര്‍ കലിപ്പില്‍; അലസതമാറ്റി ബ്ലാസ്റ്റേഴ്‌സിന് ജയിക്കണം, എതിരാളി മുംബൈ
മുംബൈ:
ഐഎസ്‌എല്‍ ആറാം സീസണിലെ ഒരു മത്സരത്തില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം മത്സരത്തിനിറങ്ങുന്നു. മുംബൈ സിറ്റിയെ എതിരാളികളുടെ തട്ടകത്തില്‍ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്. രാത്രി 7.30നാണ് മത്സരം. നേരത്തെ സീസണില്‍ മുംബൈ സിറ്റി കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. നിറഞ്ഞുകളിച്ചിട്ടും നിര്‍ഭാഗ്യമാണ് അന്നത്തെ തോല്‍വിക്ക് ഇടയാക്കിയത്.
ബ്ലാസ്‌റ്റേഴ്‌സിനെതിരായ ഒരു ജയം മാത്രമാണ് സീസണില്‍ മുംബൈയുടെ സമ്ബാദ്യം. ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രതിരോധം മികവിലേക്കുയരുന്നില്ല. അമിനി ചെര്‍മിറ്റി, ഡീഗോ കാര്‍ലോസ്, മുഹമ്മദ് ലാബ്രി എന്നിവര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഭീഷണിയുയര്‍ത്താന്‍ കഴിയും. ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേരത്തെ ജയം നേടിയത് തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് പരിശീലകന്‍ യോര്‍ഗെ കോസ്‌റ്റെയുടെ അവകാശവാദം.
ജയിക്കാവുന്ന പല മത്സരങ്ങളിലും സമനിലയും തോല്‍വിയും വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ഇക്കുറിയും കലിപ്പിലാണ്. സീസണില്‍ കളിയില്‍ മാറ്റംവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കളിക്കാരുടെ അലസത തിരിച്ചടിയാവുകയാണ്. അവസാന മത്സരത്തില്‍ ഗോവയ്‌ക്കെതിരെ സമനില വഴങ്ങേണ്ടിവന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. ഒഗ്‌ബെച്ചേയ്ക്ക് ഗോളടിക്കാന്‍ കഴിയാത്തതും പരിശീലകന്റെ പദ്ധതിക്ക് തടസ്സമായി. കെപി രാഹുലിനെ ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. മെസ്സി ബൗളിയും പ്രശാന്തും അടങ്ങുന്ന മധ്യനിരയും ഒത്തിണക്കം കാട്ടിയാല്‍ മുംബൈയില്‍ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാം. മത്സരം സമനില കലാശിക്കുമെന്നാണ് പ്രവചനം.
No comments
Post a Comment