Header Ads

  • Breaking News

    ഒഴുകിയിറങ്ങുമ്പോൾ ചോലക്കറിയില്ല അത് മലിനമാക്കപ്പെടുമെന്ന്..! ചോല റിവ്യൂ


    ചോല എന്ന വാക്കിന് നിഘണ്ടുവിൽ അർത്ഥങ്ങൾ പലതാണ്. ഫലങ്ങളും പൂക്കളും ഉണ്ടാകുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ ഉദ്യാനത്തിന് സമമായൊരു സ്ഥലമെന്ന അർത്ഥത്തിനും ഒപ്പം മലയില്‍നിന്നു വരുന്ന ഉറവ്, കാട്ടാറ്, കാട്ടരുവി തുടങ്ങിയ ഒരു അർത്ഥം കൂടി ഈ വാക്കിനുണ്ട്. ചോരയുടെ മണമുള്ള, അധികാരപ്പെടുത്തലിന്റെ ശബ്ദമുള്ള, നിസ്സഹായതയുടെ നിശബ്ദതയുള്ള ‘ചോല’യുമായിട്ടാണ് സനൽ കുമാർ ശശിധരൻ ഇത്തവണ എത്തിയിരിക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.
    ഒരു മലയോര ഗ്രാമത്തിൽ നിന്നും നഗരം കാണാൻ തന്റെ ആൺ സുഹൃത്തിനൊപ്പം ഇറങ്ങി തിരിക്കുന്ന ഒരു വിദ്യാർത്ഥിനി. കാമുകനെ മാത്രം പ്രതീക്ഷിച്ച് ഒരു പഴയ ജീപ്പിൽ കയറുമ്പോൾ മുതൽ അതിലെ ഡ്രൈവറെ കണ്ട് അസ്വസ്ഥയാവുന്ന ജാനകിക്ക് പിന്നെ സ്വസ്ഥതയില്ലാത്ത, ഭീതിയുടെ മാത്രം മുഹൂർത്തങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു. മലയിൽ നിന്നും ഒഴുകിയിറങ്ങിയ ചോല പോലെ പരിശുദ്ധമായിരുന്ന ജാനകിയെ മലിനപ്പെടുത്തുമ്പോൾ മലയാളി പ്രേക്ഷകർ ഓർക്കുന്നതും ഇന്നത്തെ കാലത്തെ പല സംഭവ വികാസങ്ങളുമാണ്. ദുർബലയും നിസ്സഹായയുമായ ജാനകിയായി നിമിഷ സജയൻ നടത്തിയ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
    പക്കാ നെഗറ്റീവ് ടച്ചുമായി ആദ്യ കാഴ്ചയിൽ തന്നെ ജാനകിയെ പോലെ തന്നെ പ്രേക്ഷകരും ഭയപ്പെട്ടു തുടങ്ങിയ ജോജു ജോർജിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. നട്ടെല്ലില്ലാത്ത കാമുകനായി നവാഗതനായ അഖിൽ വിശ്വനാഥും മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ചോല പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി തീർന്നു. സമകാലിക സംഭവങ്ങളോട് ഏറെ ചേർത്ത് വെക്കാവുന്ന പ്രമേയം തന്നെയാണ് ചിത്രത്തിന്റെ ശക്തി. അപ്പോഴും തന്റേതായ രീതിയിൽ കഥ പറയുന്ന സനൽകുമാർ ശശിധരൻ എന്ന സംവിധായകന്റെ അവതരണത്തിലെ മെല്ലെപ്പോക്ക് എല്ലാ പ്രേക്ഷകർക്കും അത്ര സന്തോഷം പകരുന്നതല്ല.
    തിരക്കഥയും സംവിധാനവും മാത്രമല്ല, എഡിറ്റിംഗും ശബ്ദമിശ്രണവും തന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ച സനൽകുമാർ ശശിധരൻ കാടിന്റെ ഭംഗിയെ അതിന്റെ പൂർണതയിൽ തന്നെ സമ്മാനിച്ചിട്ടുമുണ്ട്. മൈന്യൂട്ടായ ശബ്ദങ്ങൾ പോലും സിങ്ക് സൗണ്ടിൻ്റെ സാധ്യത ഉപയോഗപ്പെടുത്തി മനോഹരമാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ക്യാമറ കൈകാര്യം ചെയ്‌ത അജിത് ആചാര്യക്കും സംഗീതം നിർവഹിച്ച ബേസിൽ ജോസഫിനും പ്രത്യേക അഭിനന്ദനങ്ങൾ. രാവിലെ എഴുന്നേറ്റു പത്രമെടുത്ത് തുറന്നാലോ ന്യൂസ് ചാനലുകൾ വെച്ചാലോ കാണുന്ന പീഡനവാർത്തകൾ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ ചോല നിങ്ങളുടേതാണ്.
    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad