പാലയ്ക്ക് പിന്നാലെ കുട്ടനാടിന് വേണ്ടിയും കേരളാ കോൺഗ്രസിൽ തമ്മിലടി
ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫ്, ജോസ് പക്ഷങ്ങള്‍ പരസ്യമായി പോര് തുടങ്ങി. ഇക്കുറി കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിയെ ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നും സീറ്റ് ആരുടെയും കുത്തക അല്ലെന്നും ജോസ് പക്ഷം തുറന്നടിച്ചിരിക്കുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പിനെ തുടർന്നും ഇരു പക്ഷങ്ങളും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു.
സീറ്റിനായി യുഡിഎഫില്‍ അവകാശവാദം ഉന്നയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ആലോചന. ഇത് മുളയിലെ നുള്ളുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ഇതിനകം മുന്നണികള്‍ തുടക്കമിട്ടിട്ടുണ്ട്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍ഡിഎഫിനും, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യുഡിഎഫിനും വെല്ലുവിളിയാണ്. എന്‍.സി.പിയുടെ സീറ്റില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ചാണ്ടിയുടെ സഹോദരനോ മകളോ ആയിരിക്കും സ്ഥാനാര്‍ഥി. ബിജെപി - ബിഡിജെഎസ് തര്‍ക്കം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഫലിക്കും.
No comments
Post a Comment