Header Ads

  • Breaking News

    പ്രതി പൂവൻ കോഴിയുടെ വലിയ വിജയം തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ ആഘോഷമാക്കി അണിയറ പ്രവർത്തകർ [PHOTOS]


    മഞ്ജുവാര്യരെ നായികയാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയാഘോഷം ഇപ്പോൾ തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് തിയറ്ററിൽ ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മഞ്ജു വാര്യർക്കൊപ്പം ചിത്രത്തിലെ അണിയറ പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തു. മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു വരുന്ന പുതിയ ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്ന സണ്ണി വെയ്നും വിജയാഘോഷ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഏരീസ് പ്ലെക്‌സ് ജീവനക്കാർക്കും സിനിമ കാണുവാൻ എത്തിയ പ്രേക്ഷകർക്കുമൊപ്പമായിരുന്നു വിജയാഘോഷം നടത്തിയത്.


    ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ ഒന്ന് റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ച ആന്റപ്പൻ എന്ന കഥാപാത്രം തന്നെയാണ്.ആദ്യമായി ബിഗ് സ്‌ക്രീനിൽ റോഷൻ ആൻഡ്രൂസ് എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മറ്റൊരു അതിഗംഭീര നടനെ തന്നെയാണ്.അത്രമേൽ ശക്തമായാണ് ആന്റപ്പൻ എന്ന കഥാപാത്രമായി റോഷൻ ആൻഡ്രൂസ് നിറഞ്ഞടിയത്.മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും നോ പറഞ്ഞ കഥാപാത്രമായിരുന്നു ചിത്രത്തിലെ ആന്റപ്പൻ എന്ന കഥാപാത്രം. ഒടുവിൽ ഇനി ആരെയും നോക്കണ്ട, സ്വയം ചെയ്യാം എന്ന തീരുമാനം എടുക്കുകയായിരുന്നു റോഷൻ ആൻഡ്രൂസ്.ആ തീരുമാനം അക്ഷരാർത്ഥത്തിൽ ശരി വെക്കുന്ന അതിഗംഭീര പ്രകടനമാണ് റോഷൻ ആൻഡ്രൂസ് ആന്റപ്പനായി നടത്തിയത്.
    മുഖത്ത് നിറയുന്ന ആ ക്രൗര്യം തന്നെ മതി ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ.

    ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമിച്ചത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം ചെയ്തിരുന്നതും റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു.ഏറെ കാലത്തിന് ശേഷം വീണ്ടും റോഷൻ ആൻഡ്രൂസുമായി മഞ്ജു വാര്യർ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.കായംകുളം കൊച്ചുണ്ണിയുടെ വലിയ വിജയത്തിന് ശേഷം റോഷനും നിർമാതാവ് ഗോകുലം കോപാലനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേക കൂടിയുണ്ട് പ്രതി പൂവൻ കോഴിക്ക്.

    കോട്ടയത്തെ ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തൂപ്പുകാരിയായ ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കഥ കടന്ന് പോകുന്നത്. ഇവരുടെ ജീവിതത്തിലേക്ക് ആന്റപ്പൻ, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരും കടന്ന് വരുന്നു. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. തകർന്നു പോകാതെ, തളർന്നു വീഴാതെ അതിനെ അവർ നേരിടുന്ന മനസ് നിറഞ്ഞ് കൈയ്യടിപ്പിക്കുന്ന തുടർന്നുള്ള കാഴ്ച്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൗ ഓൾഡ് ആർ യുവിലെ നിരുപമയേക്കാൾ കൂടുതൽ മാർക്ക് സംവിധായകൻ തന്നെ നേരത്തെ മധുരയ്ക്ക് നൽകിയിട്ടുണ്ട്. അത് ശരി വെക്കുന്ന ഒരു പ്രകടനമാണ് മഞ്ജു വാര്യരും നടത്തിയിരിക്കുന്നത് എന്ന് ആ കഥാപാത്രത്തിന് ലഭിക്കുന്ന കൈയ്യടികൾ തന്നെ ഉറപ്പ് തരുന്നുണ്ട്. മഞ്ജു വാര്യരുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ചേർത്ത് വെക്കാവുന്ന ഒരു കഥാപാത്രം തന്നെയാണ് മാധുരി. കരുത്തിന്റെ പര്യായമായി ഉറച്ച മനോബലത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള മാധുരിയിലേക്കുള്ള മഞ്ജുവിന്റെ പകർന്നാട്ടമാണ് പ്രേക്ഷകരേയും ഏറെ ആകർഷിച്ചത്.

    നായികാ – നായകൻ ചിത്രമല്ല എന്നതിനാൽ തന്നെ പ്രതി പൂവൻകോഴിയിൽ പ്രാധാന്യം എപ്പോഴും തിരക്കഥക്ക് തന്നെയാണ്. പറയേണ്ടതെല്ലാം ഒട്ടും മടി കൂടാതെ പറയേണ്ട രീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് തിരക്കഥയുടെ ബലം. ഉണ്ണി ആറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നൊരു ക്വാളിറ്റിയുണ്ട്. അത് അതിന്റെ മനോഹാരിതയിൽ തന്നെ അദ്ദേഹം കൈകാര്യവും ചെയ്തിട്ടുണ്ട്. ജി. ബാലമുരുകൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദറാണ്. രണ്ടും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ശ്രീകർ പ്രസാദിന്റെ അനുഭവസമ്പത്തേറിയ എഡിറ്റിംഗും ചിത്രത്തെ കൂടുതൽ മികച്ചതാക്കി. അമ്മമാരും സഹോദരിമാരും പെൺമക്കളുമെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഈ ചിത്രം അവർക്കൊപ്പം എല്ലാ ‘പൂവൻകോഴി’കളും കൂടി കണ്ടിരിക്കേണ്ട ചിത്രമാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad