Header Ads

  • Breaking News

    മാട്ടൂൽ -മാടായി കടൽഭിത്തി നിർമ്മിക്കുന്നതിനും തീരദേശ സംരക്ഷണത്തിനും 16 കോടി രുപയുടെ ഭരണാനുമതി


    മാട്ടൂൽ -മാടായി പഞ്ചായത്തുകളിലെ  തീരദേശത്ത് തകർന്ന കടൽഭിത്തി നിർമ്മിക്കുന്നതിനും തീരദേശ സംരക്ഷണത്തിനും 16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി.രാജേഷ് എംഎൽഎ അറിയിച്ചു.

    മാട്ടൂൽ സൗത്ത് 245 മീറ്റർ, സെൻട്രൽ 560 മീറ്റർ, വാവുവളപ്പ് - 500 മീറ്റർ കക്കാടൻ ചാൽ - 600 മീറ്റർ,  നീരൊഴുക്കുംചാൽ - 830 മീറ്റർ,  പുതിയങ്ങാടി- 735 മീറ്റർ  എന്നിങ്ങനെ  3600 മീറ്റർ ദൈർഘ്യത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുക.

    എം.എൽ എ  യുടെ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ സംസ്ഥാന ബജറ്റിൽ   16 കോടി രൂപ തീരദേശ സംരക്ഷണത്തിന് പ്രഖ്യാപിച്ചിരുന്നു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന മേഖലകളിൽ വർഷങ്ങളായി കാര്യമായ  പ്രതിരോധ നടപടികൾ സ്വീകരിക്കാത്തത് സംബന്ധിച്ച്  നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിത്തിൽ  കഴിഞ്ഞ ജൂലൈ 3 ന്  ഇറിഗേഷൻ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ യോഗം ചേരുകയുണ്ടായി.
    പ്രസ്തുത യോഗത്തിൽ  കക്കാടൻ ചാൽ ,വാവുവളപ്പിൽ തോട് ,മാട്ടൂൽ  സെൻട്രൽ ,നീരൊഴുക്കുംച്ചാൽ തുടങ്ങിയ കടലാക്രമണം നേരിടുന്ന മേഖലകളിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് ബജറ്റ് നിർദ്ദേശപ്രകാരം  എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
    പ്രസ്തുത എസ്റ്റിമേറ്റിനാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്.

    നിലവിൽ മാട്ടൂൽ സൗത്തിൽ തകർന്ന കടൽഭിത്തി പുന:സ്ഥാപിക്കുന്നതിന്  140 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന്  73 ലക്ഷം രുപയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

    ദീർഘനാളുകളായി മാട്ടൂൽ-മാടായി തീരദേശ വാസികളുടെ ആഗ്രഹമാണ് കടൽ സംരക്ഷണ ഭിത്തി നിർമ്മിക്കുക എന്നത്. അത് യാഥാർത്ഥ്യമാക്കുന്നതിന് ഫണ്ട് അനുവദിച്ച സംസ്ഥാന സർക്കാരിനെ ടി.വി രാജേഷ് എംഎൽഎ അഭിനന്ദനം അറിയിച്ചു.

    എത്രയും വേഗത്തിൽ ടെൻറർ നടപടികൾ പൂർത്തികരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് ഇറിഗേഷൻ വകുപ്പിനോട് എംഎൽഎ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad