ഒരു 200 രൂപ മോഷ്ടിച്ച കഥ…സാഹസികം..!കണ്ണൂർ കക്കാട് സ്വദേശി പോലീസ് പിടിയിൽ
കണ്ണൂർ:
ഇരുനില കെട്ടിടത്തിൽ കയറി സാഹസികമായി 200 രൂപ മോഷ്ടിച്ച യുവാവ് ജയിലിലായി. കക്കാട് കുനിയിൽപീടികയിലെ മൈലാഞ്ചിയിൽ അഷ്വാക്ക് (31) ആണ് പോലീസ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം.
മുണ്ടയാട് അതിരകത്തെ ഫസലിന്റെ വീടിന്റെ രണ്ടാംനിലയിൽ സാഹസികമായി കയറി വിദഗ്ധമായി ജനൽപാളി തുറന്നു മുറിക്കകത്ത് ഹാങ്കറിൽ തൂക്കിയിട്ടിരുന്ന ഷർട്ട് മരക്കന്പ് ഉപയോഗിച്ച് മോഷ്ടാവ് പുറത്തെടുക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ച പണമെടുക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ പോക്കറ്റ് പരിശോധിച്ചപ്പോൾ വെറും 200 രൂപയാണ് മോഷ്ടാവിന് കിട്ടിയത്. ഈസമയം കിടപ്പുമുറിയിൽ ഫസൽ നല്ല ഉറക്കത്തിലായിരുന്നു. തുടർന്ന് ഇരുനില വീടിന്റെ മുകളിൽ നിന്നും സാഹസികമായി ഇറങ്ങി റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണു പോലീസ് പട്രോളിംഗ് സംഘത്തിന്റെ മുന്നിൽ എത്തിപ്പെട്ടത്.
അസമയത്ത് എവിടെ പോയിരുന്നുവെന്ന പോലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ അഷ്വാക്കിന് സാധിക്കാതെ വന്നപ്പോൾ കൂടുതൽ ചോദ്യം ചെയ്യലിലാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
No comments
Post a Comment