പരിയാരം ഗവ.മെഡിക്കല്‍ കോളജ് അറ്റകുറ്റപ്പണിക്ക് 29.78 കോടി
പരിയാരം:
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 29.78 കോടി രൂപ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ വാപ്കോസ് തയാറാക്കിയ പദ്ധതിറിപ്പോര്‍ട്ട് പ്രകാരം കിഫ്ബിയില്‍നിന്ന് 125 കോടി രൂപ അനുവദിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ അത്യാവശ്യ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചത്. മെഡിക്കല്‍ കോളജിന്റെ അകവും പുറവും പെയിന്റിംഗ്, മലിനജല പൈപ്പുകളും മാന്‍ഹോളുകളും മാറ്റല്‍, ശുചിമുറികളുടെ അറ്റകുറ്റപ്പണികള്‍, അഗ്നിരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, ഒപികളുടെ മുകള്‍ഭാഗത്ത് സീലിംഗ് സ്ഥാപിക്കല്‍, കൂടുതല്‍ ലൈറ്റുകള്‍, എയര്‍ കണ്ടീഷണറുകള്‍, എട്ടാംനിലയില്‍ മുഴുവന്‍ പുതിയ സീലിംഗ് ഘടിപ്പിക്കല്‍, കാല് നൂറ്റാണ്ട് പഴക്കമുള്ള ലിഫ്റ്റുകള്‍ മാറ്റിസ്ഥാപിക്കുകയും പുതിയ ലിഫ്റ്റുകള്‍ നിര്‍മിക്കുകയും ചെയ്യുക, ജനറേറ്റര്‍, സിസിടിവി എന്നീ ആവശ്യങ്ങള്‍ക്കാണ് തുക അനുവദിച്ചത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതുകൂടാതെ ട്രോമാകെയര്‍ വിഭാഗത്തിന്റെ ആദ്യഘട്ടത്തിന് 57.69 കോടിയും രണ്ടാംഘട്ടത്തിന് 37.47 കോടി രൂപയും അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയായി വരികയാണ്.
ഇതില്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് ആവശ്യമായ വൈദ്യുതി അതുവഴി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൂടി ഉള്‍പ്പെടുത്തുന്നുണ്ട്. ചുറ്റുമതില്‍ നിര്‍മാണം, സൗന്ദര്യവത്കരണം എന്നിവയും അനുബന്ധമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
No comments
Post a Comment