ജില്ലയിൽ 7934 വീട് പൂർത്തിയായി
കണ്ണൂർ:
ലൈഫ് മിഷനിലൂടെ ജില്ലയിൽ 7934 കുടുംബങ്ങൾക്ക് സ്വന്തം വീടായി. വീടിന് വൈദ്യുതി കണക്‌ഷൻ, റേഷൻ കാർഡ്, മറ്റ് ഉപജീവന മാർഗങ്ങൾ എന്നിവ ലഭിക്കുന്നതിനും അവരുടെ പരാതി കേൾക്കുന്നതിനുമായി ബുധനാഴ്‌ച കലക്ടേറേറ്റ് മൈതാനിയിൽ ജില്ലാതല കുടുംബസംഗമവും മെഗാഅദാലത്തും സംഘടിപ്പിക്കുമെന്ന് കലക്ടർ ടി വി സുഭാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പകൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാവും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ ശൈലജ എന്നിവർ മുഖ്യാതിഥികളാവും.
ലൈഫ് ഭവന പദ്ധതിയിൽ ഒന്നും രണ്ടും ഘട്ടങ്ങളിലും പിഎംഎവൈ ഗ്രാമീൺ, ലൈഫ് പിഎംഎവൈ അർബൻ എന്നീ പദ്ധതികൾ പ്രകാരം ജില്ലയിൽ 10,027 അർഹരായ ഗുണഭോക്താക്കളുണ്ട്. 1320 വീടുകൾ റൂഫ് ലെവലിലും 854 എണ്ണം ലിന്റൽ ലെവലിലുമാണ്. മാർച്ച് 31ന് മുമ്പ് ഇവയും പൂർത്തിയാകും.
ഒന്നാം ഘട്ടത്തിൽ 2589 ഉം രണ്ടാം ഘട്ടത്തിൽ 2097ഉം പിഎംഎവൈ അർബനിൽ 2571ഉം പിഎംഎവൈ ഗ്രാമീണിൽ 677 വീടുകളും ഇതുവരെ പൂർത്തീകരിച്ചെന്ന് മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ കെ എൻ അനിൽ പറഞ്ഞു.
ലൈഫ് മിഷൻ മൂന്നാംഘട്ട പ്രകാരം ഭൂരഹിത ഭവന രഹിതരായി ജില്ലയിൽ ഇതുവരെയായി 2822 പേർ പരിശോധനയിൽ അർഹരായതായി കണ്ടെത്തിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.
ജില്ലയിലെ 11 ബ്ലോക്കുകളിലും ഒമ്പത് നഗരസഭകളിലും കോർപറേഷനിലും ലൈഫ് സംഗമവും അദാലത്തും പൂർത്തിയായി. കുടുംബസംഗമത്തിന്റെ ഭാഗമായി സൗപർണിക അത്താഴക്കുന്നിന്റെ നാടൻപാട്ടും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
No comments
Post a Comment