പോക്കറ്റിൽ നിന്ന് പണമടങ്ങിയ പേഴ്സ് അടിച്ചുമാറ്റുന്നതിനിടെ പണിപാളി! ബസിൽ പോക്കറ്റടിച്ച വിരുതൻ കുടുങ്ങി
കണ്ണൂർ:
ബസിൽ നിന്ന് പോക്കറ്റടിച്ച വിരുതനെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പോലീസിൽ ഏൽപിച്ചു. നിരവധി കളവ് കേസിൽ പ്രതിയായ വയനാട് പുൽപ്പള്ളിയിലെ ബി.എസ്. ബിനോയി (44) യെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം.തോട്ടടയിൽ നിന്ന് കണ്ണൂരിലേക്ക് ബസിൽ കയറിയ മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദിന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത്. സീറ്റിൽ തൊട്ടടുത്തിരുന്ന ബിനോയ് അബ്ദുൾ മജീദിന്റെ പോക്കറ്റിൽ നിന്ന് പണമടങ്ങിയ പേഴ്സ് അടിച്ചുമാറ്റുന്നതിനിടെ പഴ്സ് നിലത്തുവീഴുകയായിരുന്നു.
അബ്ദുൾ മജീദ് ബഹളം വച്ചതിനെ തുടർന്ന് ബസിലെ യാത്രക്കാർ ചേർന്ന് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ബസ് പഴയ ബസ്സ്റ്റാൻഡിൽ എത്തിയ ശേഷം ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടൗൺ എസ്ഐ ടി. ബാവിഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്തു. ചക്കരക്കൽ, മയ്യിൽ, മട്ടന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കളവ് കേസിൽ പ്രതിയാണ് അറസ്റ്റിലായ ബിനോയിയെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
No comments
Post a Comment