വാട്സ്ആപ് പെണ്‍വാണിഭം: രണ്ടുപേര്‍ പിടിയില്‍
രാമനാട്ടുകര:
വാട്സ്ആപ് വഴി യുവതികളുടെ ചിത്രം കൈമാറി പെണ്‍വാണിഭം നടത്തിവരുന്ന സംഘത്തിലെ രണ്ടുപേരെ ഫറോക്ക് പൊലീസ് പിടികൂടി. മണ്ണാര്‍ക്കാട് കോട്ടോപ്പാടം പൂളമണ്ണ മൊയ്തീന് (34), കൊല്ലം പുതുകുളം കലക്കോട് കാടിയാത്തിപടിഞ്ഞാറതില് വാഹിദ (35) എന്നിവരെയാണ് ഫറോക്ക് സി.ഐ കെ. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
രാമനാട്ടുകര കെയര്‍വെല്‍ ആശുപത്രിക്ക് സമീപം ആറാം പ്രതി വാഹിദ താമസിക്കുന്ന വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. അസം മല്ലിക്പുര് ബസാര്‍ സ്വദേശിനിയായ 20കാരിയുടെ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്.
ഇപ്പോള്‍ ബംഗളൂരു ആര്.ടി നഗറില്‍ സഹോദരിയുടെ കൂടെ താമസിക്കുന്ന യുവതിയെ ശിഹാബ്, മൊയ്തീന് എന്നിവര്‍ ചേര്‍ന്ന് ബംഗളൂരുവില്‍നിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു. ശിഹാബ് വിവാഹ വാഗ്ദാനം നല്കി റജീനയുടെ കരുവന്തിരുത്തിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
വാഹിദയുടെ രാമനാട്ടുകരയിലെ വീട്ടിലെത്തിച്ച് മൊയ്തീന്, ജലീല്‍ തുടങ്ങിയവര്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നെന്ന് ഫറോക്ക് പൊലീസ് പറഞ്ഞു. അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നും കൂടുതല്‍ പേര് വരുംദിവസങ്ങളില്‍ പിടിയിലാവുമെന്നും ഫറോക്ക് സി.ഐ കെ. കൃഷ്ണന് പറഞ്ഞു. നേപ്പാളില്‍നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നും യുവതികളെ എത്തിച്ച് വാട്സ്ആപ്പിലൂടെ ഇടപാടുകാര്‍ക്ക് ചിത്രം കാണിച്ച് ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പിടിക്കപ്പെടാതിരിക്കാന്‍ താമസസ്ഥലം ഇടക്കിടെ മാറുന്നതാണ് ഇവരുടെ രീതി. രണ്ടുമാസമായി രാമനാട്ടുകരയിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന വിവരത്തിെന്റ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവിടെനിന്നാണ് 20കാരിയായ അസം സ്വദേശിനിയെ മോചിപ്പിച്ചത്. യുവതിയെ പീഡിപ്പിച്ച പല പ്രമുഖരും ഉടന്‍ വലയിലാവുമെന്നും ഇവര്‍ക്ക് ഒത്താശ നല്‍കിവന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ ഹോട്ടലുകള്‍ നിരീക്ഷണത്തിലാണെന്നും സി.ഐ കെ. കൃഷ്ണന് പറഞ്ഞു.
No comments
Post a Comment